എംഡിഎംഎ പാക്കറ്റ് വിഴുങ്ങി യുവാവ് മരിച്ച സംഭവം… ഷാനിദിന്റെ വയറ്റിൽ ഉണ്ടായിരുന്നത് എംഡിഎംഎയ്ക്ക് പുറമെ…
പൊലീസിൽ നിന്നും രക്ഷപ്പെടാൻ എംഡിഎംഎ അടങ്ങിയ കവർ വിഴുങ്ങിയതിനെത്തുടർന്ന് മരിച്ച കോഴിക്കോട് മൈക്കാവ് സ്വദേശി ഷാനിദിന്‍റെ പോസ്റ്റ് മോർട്ടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാവിലെ പത്തരയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് കേസിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
എംഡിഎംഎയ്ക്ക് പുറമേ ഷാനിദ് കഞ്ചാവ് അടങ്ങിയ പാക്കറ്റും വിഴുങ്ങിയിരുന്നു എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. താൻ എംഡിഎംഎ അടങ്ങിയ രണ്ട് പാക്കറ്റ് വിഴുങ്ങിയിരുന്നു എന്ന് ഷാനിദ് പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയിൽ ഷാനിദിന്റെ വയറ്റിൽ നിന്ന് മൂന്ന് കവറുകൾ കണ്ടെത്തുകയും അതിലൊന്ന് കഞ്ചാവ് അടങ്ങിയ പാക്കറ്റ് ആണെന്ന് സംശയത്തിലും ആണ് എത്തിയിരിക്കുന്നത്.
ഷാനിദുമായി അടുപ്പമുള്ളവരുടെ മൊഴി എടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് അമ്പായത്തോട് വെച്ച് പൊലീസിനെ കണ്ടതിന് പിന്നാലെ കയ്യിലുണ്ടായിരുന്ന പൊതി ഷാനിദ് വിഴുങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്ന ഷാനിദ് ഇന്നലെ രാവിലെയാണ് മരിച്ചത്.