ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല..ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി..
ഡോക്ടറാകാനുളള ആഗ്രഹം നടക്കാത്തതില്‍ മനംനൊന്ത് ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ രാജന്ന നിര്‍സില്ല ജില്ലയിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ രോഹിത് ആണ് ജീവിതത്തില്‍ ഒരുപാട് ശ്രമിച്ച് തളര്‍ന്നെന്നും ഇതാണ് തന്റെ വിധിയെന്നും കത്തെഴുതി ആത്മഹത്യ ചെയ്തത്. എംഎസ്‌സി പൂര്‍ത്തിയാക്കിയ യുവാവ് ബിഎഡിന് പഠിക്കുകയായിരുന്നു. എന്നാല്‍, ഡോക്ടറാവണമെന്നായിരുന്നു യുവാവിന്റെ ആഗ്രഹമെന്നും അത് നേടാന്‍ കഴിഞ്ഞില്ലെന്ന വേദനയാണ് മകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം പറഞ്ഞു
‘ശിവാ, എന്തിനാണ് എന്റെ വിധി ഇങ്ങനെ എഴുതിയത്? നിന്റെ മകന് നീ ഇത്തരമൊരു വിധി എഴുതുമായിരുന്നോ? ഞങ്ങളും നിന്റെ മക്കള്‍ തന്നെയല്ലേ? ‘എന്നാണ് രോഹിത് കത്തിലൂടെ ദൈവത്തോട് ചോദിക്കുന്നത്. ജീവനോടെയിരിക്കുമ്പോള്‍ അനുഭവിക്കുന്ന വേദനയാണ് മരിക്കുമ്പോഴത്തെ വേദനയേക്കാള്‍ ഭീകരം. പലതവണ ശ്രമിച്ച് ഞാന്‍ മടുത്തു. ഒരുപക്ഷെ എന്റെ വിധി ഇതായിരിക്കാം. ഈ ജീവിതത്തില്‍ ഒരുപാട് നല്ല ഹൃദയത്തിന്റെ ഉടമകളെ കാണാനായി എന്നതില്‍ സന്തോഷമുണ്ട്. മറ്റുളളവരെ മറക്കാം. എനിക്ക് ഇനിയും ഒരു ജന്മമെടുക്കേണ്ട. എന്റെ മൃതശരീരം കാശിയില്‍ ദഹിപ്പിക്കണമെന്നാണ് അന്ത്യാഭിലാഷം.’- എന്നാണ് യുവാവ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
ജീവിതം ആഗ്രഹിച്ചതുപോലെ പോകാത്തതില്‍ യുവാവ് നിരാശനായിരുന്നെന്ന് കുടുംബാഗംങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.