ലിവ്-ഇൻ പങ്കാളിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി… മൃതദേഹം ബൈക്കിൽ കയറ്റി മാലിന്യ ലോറിയിൽ തള്ളി..യുവാവ്…
ബെംഗളൂരുവിൽ ഞായറാഴ്ച പുലർച്ചെ മാലിന്യ ലോറിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 33 കാരൻ അറസ്റ്റിൽ. അസമിൽ നിന്നുള്ള ഷംസുദ്ദീൻ എന്ന പ്രതിയാണ് അറസ്റ്റിലായത്. ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം ബിബിഎംപി മാലിന്യ ട്രക്കിൽ തള്ളുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് 20 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടിയതായി പോലീസ് അറിയിച്ചു.
കോറമംഗലയിലെ എസ്ടി ബെഡ് ലേഔട്ടിൽ ഞായറാഴ്ച പുലർച്ചെയാണ് ആശ എന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിബിഎംപി മാലിന്യ വാഹനത്തിനുള്ളിൽ സംശയാസ്പദമായ ബാഗ് ഉണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.
അന്വേഷണത്തിനൊടുവിൽ, ഉടൻ തന്നെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. ആശയും ഷംസുദ്ദീനും 18 മാസത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്നും നാല് മാസം മുമ്പാണ് ഇവർ ഒരുമിച്ച് താമസം തുടങ്ങിയതെന്നും പോലീസ് പറഞ്ഞു. സമീപത്ത് തന്നെയുള്ള ഒരു ഹൗസ് കീപ്പിംഗ് മെറ്റീരിയൽസ് കമ്പനിയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.
എന്നാൽ പതിവ് തർക്കങ്ങൾ കാരണം അടുത്തിടെ ഇവരുടെ ബന്ധം വഷളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആശ മദ്യപിച്ച് ബുദ്ധിമുട്ടുന്നുണ്ടായിരുന്നുവെന്നും ഇത് സംഘർഷത്തിന് കാരണമാകാറുണ്ടെന്നും ആരോപിക്കപ്പെടുന്നു. രാത്രി വൈകിയും നിരവധി ഫോൺ കോളുകൾ ആശയ്ക്ക് വന്നിരുന്നു. ഇതിനെപ്പറ്റിയുള്ള സംഭാഷണങ്ങൾ ഇവർക്കിടയിൽ സംഘർഷത്തിന് കാരണമായെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവദിവസം രാത്രി ഷംസുദ്ദീൻ മദ്യപിച്ച് വീട്ടിലേക്ക് മടങ്ങിയിരുന്നത്. തുടർന്ന് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതായും അതിനിടയിൽ അയാൾ ദേഷ്യത്തിൽ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ഷംസുദ്ദീൻ മൃതദേഹം ഒരു ബാഗിൽ നിറച്ച് ബൈക്കിൽ ഏകദേശം 20 കിലോമീറ്റർ കൊണ്ടുപോയി പ്രദേശത്തെ ഒരു പ്രശസ്തമായ സ്കേറ്റിംഗ് അരീനയ്ക്ക് സമീപം ബിബിഎംപി മാലിന്യ വാഹനത്തിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
ട്രക്കിന്റെ പിൻഭാഗത്തെ ലിഫ്റ്റിൽ കാലുകൾ കഴുത്തിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് റിപ്പോർട്ടുണ്ട്. സ്ത്രീക്ക് 25 നും 30 നും ഇടയിൽ പ്രായമുണ്ടെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരിക്കാമെന്നും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വകാര്യ കമ്പനിയുടെ ടീ-ഷർട്ടും പാന്റും ധരിച്ചിരുന്നെങ്കിലും അടിവസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.