‘സാർ, ഞാന്‍ ജീവനോടെയുണ്ട്.. എന്നാല്‍ എന്റെ സ്വത്ത് തട്ടിയെടുക്കാനായി ഞാന്‍ മരിച്ചുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്’…

സ്വത്ത് കൈക്കലാക്കാനായി, മരിച്ചുവെന്ന് ബന്ധുക്കള്‍ അവകാശപ്പെട്ട സ്ത്രീ ‘ജീവനോടെ’ സര്‍ക്കാര്‍ ഓഫീസില്‍. ‘സാര്‍ ഞാന്‍ ജീവനോടെയുണ്ട്’ എന്നെഴുതിയ ഒരു പേപ്പറുമായാണ് ശാരദ ദേവി എന്ന സ്ത്രീ ഉത്തർ പ്രദേശിലെ ബല്ലിയ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലെത്തിയത്. തനിക്ക് നീതി ലഭിക്കണമെന്നും വ്യാജ രേഖകള്‍ നിര്‍മ്മിച്ച് ബന്ധുക്കള്‍ സ്വത്ത് തട്ടിയെടുക്കുകയാണെന്നും അവര്‍ പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് തന്റെ എല്ലാ സ്വത്തുക്കളും ഏക മകളായ ശാരദാ ദേവിയുടെ പേരിലാക്കണമെന്ന് പിതാവ് വില്‍പ്പത്രത്തില്‍ പറഞ്ഞിരുന്നു. അതുപ്രകാരം സ്വത്തുക്കള്‍ അവരുടെ പേരിലാക്കുകയും ചെയ്തു.

എന്നാല്‍, കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ശാരദയുടെ പിതാവിന്റെ സഹോദരന്റെ മക്കള്‍ വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ കൈക്കലാക്കുകയായിരുന്നു. ശാരദ മരിച്ചുവെന്ന് കാണിച്ചാണ് ഇവര്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ചത്. ഇതോടെ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനായി ഓഫീസുകള്‍ കയറിയിറങ്ങേണ്ട ദുരവസ്ഥയിലായി ശാരദ ദേവി.നീതി തേടി താലൂക്ക് ഓഫീസ് കയറി ഇറങ്ങിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇതോടെയാണ് ജീവനോടെയുണ്ടെന്ന് പേപ്പറിലെഴുതി അതുമായി അവര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലെത്തിയത്. ‘ഞാന്‍ ജീവനോടെയുണ്ട്, എന്നാല്‍ എന്റെ സ്വത്ത് തട്ടിയെടുക്കാനായി ഞാന്‍ മരിച്ചുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്’-പേപ്പര്‍ ഉയര്‍ത്തിപ്പിടിച്ച് ശാരദാ ദേവി പറഞ്ഞു.

സംഭവത്തില്‍ പരാതി ലഭിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ അറിയിച്ചു. ‘പിതാവ് സ്വത്ത് തന്റെ പേരിലാക്കണമെന്ന് പറയുന്ന വില്‍പത്രം ശാരദ ദേവി ഹാജരാക്കിയിട്ടുണ്ട്. അവരുടെ ബന്ധുക്കള്‍ ശാരദ മരിച്ചുവെന്ന് അവകാശപ്പെട്ട് സ്വത്ത് അവരുടെ പേരിലാക്കാനും അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതിയില്‍ കഴമ്പുണ്ടെന്നാണ് മനസിലാവുന്നത്. വിഷയം അന്വേഷിച്ച് ഒരാഴ്ച്ചയ്ക്കുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് ഉത്തരവിട്ടിട്ടുണ്ട്. വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുള്‍പ്പെടെ കുറ്റകൃത്യത്തിലുള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button