വനംവകുപ്പിനായി സേവനം ചെയ്തത് 30 വര്‍ഷം…കാത്തിരുന്ന പെന്‍ഷന്‍ ലഭിക്കാതെ ബൈരന്‍ യാത്രയായി…
സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട് വയനാട് ജില്ലയില്‍നിന്നും വിരമിച്ച ആദ്യ പങ്കാളിത്ത പെന്‍ഷന്‍കാരില്‍ ഒരാളാണ് സുല്‍ത്താന്‍ ബത്തേരി ചെതലയം പൂവഞ്ചി ബൈരന്‍ എന്ന അറുപത്തിനാലുകാരന്‍. പങ്കാളിത്തപെന്‍ഷന്റെ ആനുകൂല്യങ്ങള്‍ക്കായി കാത്തിരിക്കവെയാണ് ബൈരന്‍ മരിക്കുന്നത്. മുപ്പത് വര്‍ഷം വനംവകുപ്പില്‍ വാച്ചറായി ജോലി ചെയ്തിട്ടും ഇതു വരെ ഇദ്ദേഹത്തിന് വിരമിക്കല്‍ ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല.
പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയ 2013ലാണ് ഇദ്ദേഹം സര്‍വ്വീസില്‍ സ്ഥിരപ്പെട്ടത്. കുറിച്ച്യാട് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍നിന്ന് 2020ല്‍ വിരമിച്ചു. വിരമിക്കുമ്പോള്‍ ഓരോരുത്തരുടെയും പെന്‍ഷന്‍ ഫണ്ടിലുള്ള മൊത്തം തുകക്ക് അനുസൃതമായാണ് മാസംതോറും പെന്‍ഷന്‍ ലഭിക്കുക. ഈ തുക അഞ്ച് ലക്ഷത്തില്‍ കുറവാണെങ്കില്‍ ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ ഒറ്റത്തവണയായി കൈപ്പറ്റാം. പിന്നീട് ഒരാനുകൂല്യങ്ങളും ലഭിക്കില്ല.
രണ്ട് ലക്ഷം രൂപയില്‍ താഴെ മാത്രമേ പെന്‍ഷന്‍ അക്കൗണ്ടില്‍ പണം ഉള്ളൂവെന്നതിനാല്‍ ബൈരന് അടച്ച പണം തിരികെ ലഭിച്ചു. അതിനാല്‍ ഇദ്ദേഹത്തിന് പെന്‍ഷന്‍ ലഭിച്ചില്ല. കേരളത്തിലെ പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡെത്ത് കം റിട്ടയര്‍മെന്റ് ഗ്രാറ്റിവിറ്റി (ഡി.സി.ആര്‍.ജി) അടക്കമുള്ള ആനുകൂല്യങ്ങള്‍ ഇല്ലാത്തതിനാല്‍ ആ തരത്തിലുള്ള ആനുകൂല്യങ്ങളും ബൈരന് ലഭ്യമായില്ല. സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്നും ഇതോടെ തനിക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതീക്ഷ.
സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ രീതിയിലായിരുന്നുവെങ്കില്‍ ഏഴ് വര്‍ഷം സ്ഥിരം സര്‍വ്വീസുള്ള ബൈരന് 8250 രൂപ എക്സ്ഗ്രേഷ്യാ പെന്‍ഷന്‍ ലഭിക്കുമായിരുന്നു. ഒരാള്‍ മരണപ്പെട്ടാല്‍ അര്‍ഹരുണ്ടെങ്കില്‍ അവരുടെ കുടുംബത്തിന് എക്സ്ഗ്രേഷ്യ കുടുംബ പെന്‍ഷനും ലഭിക്കും. കൂടാതെ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഡിസിആര്‍ജിയും ലഭിക്കും. നിലവില്‍ കെഎസ്ആര്‍ ഭാഗം മൂന്ന് പ്രകാരമുള്ള പരമാവധി ഡിസിആര്‍ജി 17 ലക്ഷം രൂപയാണ്.
എന്നാല്‍ കേരളത്തില്‍ മാത്രം പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഡിസിആര്‍ജി അനുവദിച്ചിട്ടില്ല. വയനാട് ജില്ലയില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട് ഇതുവരെ ഇരുപത്തിയഞ്ചോളം പേര്‍ വിരമിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ആയിരം രൂപയില്‍ താഴെയാണ് മാസം തോറും ലഭിക്കുന്ന പെന്‍ഷന്‍. പരേതയായ ലീലയാണ് ബൈരന്റെ ഭാര്യ. മക്കള്‍: കെ.ബി. തങ്കമണി (മുന്‍ ഗ്രാമപഞ്ചായത്ത് അംഗം), ബി.പി. രാജു ബി.പി. (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍).