ആളുകളെ കണ്ടതോടെ അടുത്ത പറമ്പിലേക്ക് ഓടിക്കയറി….കുട്ടനാട്ടിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു…
wild boar shot dead
ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിലും കാട്ടുപന്നി ശല്യം. കാർഷിക വിളകൾ നശിപ്പിച്ച കാട്ടുപന്നിയെ വനംവകുപ്പിന്റെ അനുമതിയോടെ വെടി വച്ചു കൊന്നു. ഇന്ന് പുലർച്ചെ വീയപുരം പഞ്ചായത്തിലെ കല്ലേലിപത്തിലാണ് നാട്ടുകാർ കാട്ടുപന്നിയെകണ്ടത്. പാടത്ത് നിന്നും കരയിലേക്ക് കയറി വന്ന പന്നി ആളുകളെ കണ്ടതോടെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഓടി കയറി. ഇവിടെ മതിൽകെട്ട് ഉള്ളതിനാൽ പന്നിക്ക് പുറത്തേക്ക് കടക്കാൻ സാധിച്ചില്ല.
തുടർന്ന് പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും ഫോറസ്റ്റിലും വിവരം അറിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ലൈസൻസ് ഉള്ള തിരുവല്ല സ്വദേശിയാണ് സ്ഥലത്തെത്തി പന്നിയെ വെടിവെച്ചു കൊന്നത്. രണ്ട് റൗണ്ട് വെടിയുതിർത്തു. ഏകദേശം എട്ടുമാസം പ്രായം വരുന്ന ആൺ വർഗ്ഗത്തിൽപ്പെട്ട പന്നിയെയാണ് കൊന്നത്. പന്നിയെ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മറവ് ചെയ്തു.