ബാങ്ക് ജീവനക്കാരില്‍ നിന്നും കവർന്ന 40 ലക്ഷം എവിടെ… പ്രതിയുമായി തെളിവെടുപ്പ് നടത്തി

കോഴിക്കോട് പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും നാല്‍പതു ലക്ഷം രൂപ കവര്‍ന്ന് സ്കൂട്ടറില്‍ കടന്നുകളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ലാലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതി കസ്റ്റഡിയിലായി ആറ് ദിവസമായിട്ടും നഷ്ടമായ പണം ഇനിയും പൊലീസിന് കണ്ടെത്താനായിട്ടില്ല.

അമ്പരപ്പിക്കുന്ന ആസൂത്രണം നടന്ന കേസിലെ മുഖ്യ പ്രതി പന്തീരാങ്കാവ് സ്വദേശി ഷിബിന്‍ലാലിനെ മൂന്നു ദിവസത്തെ കസ്റ്റഡിയിലാണ് പൊലീസിന് ലഭിച്ചത്. ഇസാഫ് ബാങ്കിന്റെ രാമനാട്ടുകര ശാഖയിലും ജീവനക്കാരില്‍ നിന്നും ബാഗ് തട്ടിപ്പറിച്ചോടിയ പന്തീരാങ്കാവ് അക്ഷയ ധനകാര്യ സ്ഥാപനത്തിന് സമീപത്തുമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. പ്രതിയുടെ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലും സ്കൂട്ടര്‍ ഉപേക്ഷിച്ച സ്ഥലത്തും എത്തിച്ചു.

പണം കവര്‍ന്ന ശേഷം പാലക്കാട്ടേക്കാണ് പ്രതി പോയത്. നാളെ അവിടേക്കും ഷിബിന്‍ലാലിനെ കൊണ്ടു പോകാന്‍ നീക്കമുണ്ട്. പ്രതി പിടിയിലായി ആറു ദിവസമായിട്ടും നഷ്ടപ്പെട്ട തുക ആര്‍ക്ക് കൈമാറി? എവിടെ ഒളിപ്പിച്ചു? എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. പാലക്കാട് തൃശ്ശൂര്‍ എന്നിവിടങ്ങളിലുള്ള നിരവധി പേരെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പിടിയിലായപ്പോള്‍ അമ്പത്തയ്യായിരം രൂപ മാത്രമാണ് ഷിബിന്‍ലാലില്‍ നിന്നും കണ്ടെടുക്കാനായത്.

Related Articles

Back to top button