ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യയുടെ സ്‌കോര്‍ എത്രയെന്നോ…
ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ 348 റണ്‍സിന് എല്ലാവരും പുറത്ത്. സെഞ്ചുറി നേടിയ കെ എല്‍ രാഹുലാണ് (116) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ധ്രുവ് ജുറല്‍ (52), കരുണ്‍ നായര്‍ (40) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നേടിയ നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജെയിംസ് റ്യൂ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. സര്‍ഫറാസ് ഖാന് പകരം രാഹുല്‍ ടീമിലെത്തി. തനുഷ് കൊട്ടിയാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഖലീല്‍ അഹമ്മദ് എന്നിവരും പ്ലേയിംഗ് ഇലവനിലുണ്ട്. ഹര്‍ഷ് ദുബെ, ഹര്‍ഷിത് റാണ, മുകേഷ് കുമാര്‍ എന്നിവര്‍ പുറത്തായി. തനുഷാണ് ടീമിലെ ഏക സ്പിന്നര്‍.
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗിനെത്തിയത്. തനുഷ് കൊട്ടിയാന്റെ (15) വിക്കറ്റാണ് ഇന്ന് ആദ്യം ഇന്ത്യക്ക് നഷ്മായത്. വ്യക്തിഗത സ്‌കോറിനോട് 10 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത കൊട്ടിയാന്‍ ജോഷ് ടംഗിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നാലെ അന്‍ഷൂല്‍ കാംബോജ് (2) ജോഷിന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി. തുഷാര്‍ ദേശ്പാണ്ഡെ (11), ഖലീല്‍ അഹമ്മദ് (7) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ സ്‌കോര്‍ 350ന് അടുത്തെത്താന്‍ സഹായിച്ചു. തുഷാര്‍ റണ്ണൗട്ട് ആയതോടെ ഇന്നിംഗ്‌സ് അവസാനിച്ചു. വോക്‌സിന് പുറമെ ജോഷ്, ജോര്‍ജ് ഹില്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.