സ്പേസ് എക്സിന്റെ എട്ടാം പരീക്ഷണം ഇന്ന്..തത്സമയം കാണാൻ ചെയ്യേണ്ടത്…
ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്സ് കമ്പനി സ്റ്റാര്‍ഷിപ്പ് ഗ്രഹാന്തര റോക്കറ്റിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം ഇന്ന് നടത്തും. ഏഴാം വിക്ഷേപണ പരീക്ഷണത്തില്‍ സ്റ്റാര്‍ഷിപ്പിന്‍റെ ഏറ്റവും മുകളിലെ ഷിപ്പ് ഭാഗം പൊട്ടിത്തെറിച്ചതിന്‍റെയും എട്ടാം പരീക്ഷണം പലകുറി മാറ്റിവച്ചതിന്‍റെയും ക്ഷീണം മാറ്റാനാണ് സ്പേസ് എക്സ് ദക്ഷിണ ടെക്സസിലെ സ്റ്റാര്‍ ബേസില്‍ അവസാനവട്ട ഒരുക്കങ്ങള്‍ നടത്തുന്നത്..
മാര്‍ച്ച് ആറിന് സെന്‍ട്രല്‍ ടൈം വൈകിട്ട് 5.30നാണ് വിക്ഷേപണ വിന്‍ഡോ ആരംഭിക്കുക എന്നാണ് സ്പേസ് എക്സിന്‍റെ അറിയിപ്പ്. സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണം ലോകമെങ്ങും തത്സമയം കാണാനുള്ള അവസരമുണ്ട്. സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റിന്‍റെ ലിഫ്റ്റോഫിന് 30 മിനിറ്റ് മുമ്പ് ലൈവ് വെബ്‌കാസ്റ്റ് ആരംഭിക്കും. സ്പേസ് എക്സിന്‍റെ വെബ്‌സൈറ്റും എക്സ് അക്കൗണ്ടും എക്സ് ടിവി ആപ്പും വഴി സ്റ്റാര്‍ഷിപ്പ് എട്ടാം പരീക്ഷണ വിക്ഷേപണം തത്സമയം കാണാം.
എക്കാലത്തെയും വലുതും ഭാരമേറിയതും ഭാരം ബഹിരാകാശത്തേക്ക് വഹിക്കുന്നതുമായ റോക്കറ്റാണ് സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ആകെ ഉയരം. താഴെയുള്ള സൂപ്പർ ഹെവി ബൂസ്റ്റര്‍, മുകളിലെ സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഭാഗങ്ങള്‍ ഈ വിക്ഷേപണ വാഹനത്തിനുണ്ട്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് സൂപ്പര്‍ ഹെവി ബൂസ്റ്ററിന്‍റെ കരുത്ത്. സൂപ്പർ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകൾ ബഹിരാകാശത്തേക്ക് ഉയർത്താൻ കഴിയും. 52 മീറ്ററാണ് ഏറ്റവും മുകളിലെ ഷിപ്പ് ഭാഗത്തിന്‍റെ ഉയരം.