വാളയാർ ആൾക്കൂട്ടക്കൊല; ഒരാൾ കൂടി അറസ്റ്റിൽ

വാളയാർ ആൾകൂട്ടകൊലക്കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. അട്ടപ്പള്ളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ഇയാൾ ഒളിവിലായിരുന്നു. മർദ്ദനത്തിൽ പങ്കെടുത്തുവെന്നാണ് നിഗമനം. കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. മോഷ്ടാവാണെന്നാരോപിച്ചാണ് ആൾക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച മൂന്ന് മണിയ്ക്കാണ് സംഭവം നടന്നത്. കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. മൂന്നുവർഷം മുൻപേ ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്നങ്ങൾ രാംനാരായണന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികളാണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്.

തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികൾ സംഘം ചേർന്ന് രാംനാരായണനെ തടഞ്ഞുവെച്ചു. കള്ളൻ എന്ന് ആരോപിച്ചു മർദ്ദിച്ചു. ഇയാളുടെ പുറം മുഴുവൻ വടി കൊണ്ടടിച്ച പാടുകളുണ്ടായിരുന്നു. അവശനിലയിലായ രാംനാരായണനെ പൊലീസ് എത്തി പാലക്കാട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. വാളയാർ ആൾ കൂട്ട കൊല കേസിൽ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം സംബന്ധിച്ച് ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാണ്. അതിനിടെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ വിനോദ് കോൺഗ്രസ് പ്രവർത്തകനെന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തു വരുന്നത്. ഇയാൾ തദ്ദേശ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വേണ്ടി സജീവമായി പ്രചാരണത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button