ഐപിഎല്ലില്‍ ചരിത്രം കുറിച്ച് വിരാട് കോലി…ഇന്ത്യയില്‍ മാത്രം 8000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുള്ള വിരാട് കോലിയുടെ കുതിപ്പ് തുടരുന്നു. ഐപിഎല്ലില്‍ ഇന്ത്യയില്‍ മാത്രം 8,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം കോലി സ്വന്തമാക്കി. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐക്കണ്‍ ഈ നേട്ടം കൈവരിച്ചത്. മത്സരത്തിന് ഇറങ്ങുമ്പോള്‍ ഈ നാഴികക്കല്ലിലെത്താന്‍ 12 റണ്‍സ് മാത്രമായിരുന്നു കോലിക്ക് വേണ്ടിയിരുന്നത്.
കഗിസോ റബാഡ എറിഞ്ഞ ഇന്നിംഗ്സിലെ രണ്ടാം ഓവറില്‍ തുടര്‍ച്ചയായ അഞ്ച് ഫോറുകളടക്കം 21 റണ്‍സ് അടിച്ചുകൂട്ടിയ കോലി അനായാസം റെക്കോര്‍ഡിലെത്തി. 13 പന്തില്‍ 28 റണ്‍സ് നേടിയാണ് താരം പുറത്തായത്. കോലി നല്‍കിയ വെടിക്കെട്ട് തുടക്കത്തിലൂടെ പത്തോവറില്‍ പത്തിന് മുകളില്‍ റണ്‍റേറ്റുമായി ആര്‍സിബി കുതിക്കുകയായിരുന്നു. എന്നാല്‍ കോലി പുറത്തായതോടെ ടീം തകര്‍ച്ചയിലേക്ക് വീണു. ഐപിഎല്‍ 2026 സീസണില്‍ ആദ്യമായി ആര്‍സിബി നിര മുഴുവനായി പുറത്തായി. നിശ്ചിത 20 ഓവര്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ 19.2 ഓവറില്‍ 155 റണ്‍സിനാണ് ബെംഗളൂരു ഇന്നിംഗ്സ് അവസാനിച്ചത്.
ഏഴ് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്ന ആര്‍സിബിക്ക് മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ കൂട്ടത്തോടെ നഷ്ടമായി. രജത് പാട്ടിദാര്‍ (19), ജിതേഷ് ശര്‍മ്മ (1), ടിം ഡേവിഡ് (9), ക്രുണാല്‍ പാണ്ഡ്യ (4) എന്നിവര്‍ പരാജയപ്പെട്ടു. ദേവ്ദത്ത് പടിക്കല്‍ (40) ഒരറ്റത്ത് പൊരുതി നോക്കിയെങ്കിലും റാഷിദ് ഖാന്റെ പന്തില്‍ പുറത്തായതോടെ ആര്‍സിബിയുടെ വലിയ സ്‌കോര്‍ എന്ന പ്രതീക്ഷ അസ്തമിച്ചു.



