ഓടുന്ന ലോക്കൽ ട്രെയിനിൽ നിന്ന് നദിയിലേക്ക് പൂജാ സാധനങ്ങൾ എറിഞ്ഞു.. തേങ്ങ തലയിൽ വീണ് യുവാവ് മരിച്ചു..

ഓടുന്ന ലോക്കൽ ട്രെയിനിൽ നിന്ന് എറിഞ്ഞ തേങ്ങ തലയിൽ വീണ് യുവാവ് മരിച്ചു. ചികിത്സയിലായിരുന്ന സഞ്ജയ് ഭോയിർ (30) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെയാണ് ഭോയിർ മരിച്ചത്. മുംബൈക്കടുത്ത് ഭയന്തറിലാണ് സംഭവം. ശനിയാഴ്ച രാവിലെ 8:30 ഓടെ റെയിൽവേ ക്രീക്ക് പാലത്തിലൂടെ യുവാവ് നൈഗാവോൺ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു.
അപ്പോഴാണ് നദിയിലേക്ക് പൂജാ സാധനങ്ങൾ അടങ്ങിയ പാക്കറ്റ് വലിച്ചെറിയുന്ന കൂട്ടത്തിൽ വന്ന തേങ്ങ തലയിൽ അടിച്ചത്. തുടർന്ന് ഗുരുതരമായി തലക്ക് പരുക്കേൽക്കുകയായിരുന്നു. ആദ്യം യുവാവിനെ വസായിലെ മുനിസിപ്പൽ സർ ഡിഎം പെറ്റിറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് കൂടുതൽ ചികിത്സയ്ക്കായി മുംബൈയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കേറ്റ ഗുരുതരമായ പരിക്കും രക്തനഷ്ടവും മൂലം യുവാവ് മരിച്ചതായി ബന്ധുക്കൾ അറിയിച്ചു.
അതേസമയം നിർമ്മാല്യം അടങ്ങിയ സഞ്ചികളിൽ ചിലപ്പോൾ തേങ്ങ, പഴയ വിഗ്രഹങ്ങൾ പോലുള്ള ഭാരമേറിയ വസ്തുക്കൾ ഉണ്ടാകും. ഇത് എറിയുമ്പോൾ വെള്ളത്തിൽ വീഴാതെ, പാലത്തിലൂടെ നടന്നുപോകുന്ന കാൽനടയാത്രക്കാരുടെ തലയിൽ വീഴും. റെയിൽവേ ഭരണകൂടം ഈ രീതി നിരോധിക്കണമെന്നും ട്രെയിനുകളിൽ നിന്ന് വസ്തുക്കൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആളുകൾ ആവശ്യപ്പെട്ടു



