നിർത്തിയിട്ട കാരവാനിലെ മരണം…വിഷവാതകം വന്നത് എ സി യിൽ നിന്നല്ല….പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്..
വടകര കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതുമൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം നിഗമനം. വണ്ടി നിര്‍ത്തിയശേഷം എ.സി. ഓണാക്കിയാണ് ഇവര്‍ ഉള്ളില്‍ വിശ്രമിച്ചത്. എ.സി. പ്രവര്‍ത്തിപ്പിച്ച ജനറേറ്ററിന്റെ പുകയില്‍നിന്നാണ് കാര്‍ബണ്‍ മോണോക്സൈഡ് കാരവനുള്ളിലേക്ക് കയറിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇന്ധനത്തിന്റെ പൂർണ്ണമല്ലാത്ത ജ്വലനം കൊണ്ടാണ് കാർബൺ മോണോക്സൈഡ് ഉണ്ടാകുന്നത്. ജനറേറ്ററുകൾ മറ്റ് എൻജിനുകൾ എന്നിവ കാലപ്പഴക്കം കൂടുമ്പോൾ കാർബൺ മോണോക്സൈഡ് പുറത്തേക്ക് വരാം. ഇത് എയർ കണ്ടീഷനറിൽ നിന്നും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതെ സമയം ഡീസൽ ജനറേറ്ററിൽ നിന്നും കാർബൺ മോണോക്സൈഡ് ബഹിർഗമിക്കാൻ സാധ്യത വളരെ കൂടുതലാണ്.മരണം നടന്നത് തിങ്കളാഴ്ച പുലര്‍ച്ചയോടെയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വണ്ടി നിര്‍ത്തി കുറച്ചുസമയത്തിനുള്ളില്‍ത്തന്നെ മരണം സംഭവിച്ചിരിക്കാം. മനോജിന്റെ മൃതദേഹം വാതിലിന് അരികിലും ജോയലിന്റേത് കിടക്കയിലുമായിരുന്നു. മൂക്കില്‍നിന്ന് രക്തം ഒഴുകിയതിന്റെ പാടുണ്ട്.
കാബിന് ഉള്ളിലെ ജനറേറ്ററില്‍നിന്നാണോ കാര്‍ബണ്‍ മോണോക്സൈഡ് കാരവന് ഉള്ളിലേക്ക് കയറിയതെന്ന് മനസ്സിലാക്കാന്‍ ജനറേറ്റര്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ച് പോലീസ് പരീക്ഷണം നടത്തും. സാധാരണയായി നിര്‍ത്തിയിട്ട കാരവനില്‍ എ.സി. പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ജനറേറ്റര്‍ പുറത്തെടുത്തുവെക്കേണ്ടതാണ് . കാബിന് ഉള്ളില്‍വെച്ച് ഇത് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളിലെത്താനുള്ള സാധ്യതയുണ്ട്. ഇക്കാര്യം ജനറേറ്ററിന്റെ ടാഗില്‍ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി
വണ്ടിക്ക് പുറകില്‍ ഇടതുവശത്തായി പുറത്തുനിന്ന് തുറക്കാന്‍ കഴിയുന്ന കാബിനിലാണ് ജനറേറ്ററുള്ളത്. ഇതിലെ ഇന്ധനം പൂര്‍ണമായും വറ്റിയ നിലയിലാണ്.