ഭാര്യ ആൺ സുഹൃത്തിനൊപ്പം ഒളിച്ചോടി.. ഭർത്താവ് 8 മാസം പ്രായമുള്ള കുഞ്ഞടക്കം 4 മക്കളെയുമെടുത്ത് പുഴയിൽച്ചാടി..
ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതിനെത്തുടർന്ന് നാല് കുട്ടികളോടൊപ്പം യമുന നദിയിൽ ചാടി യുവാവ്. ഭാര്യയുമായി നിലനിൽക്കുന്ന ഈ പ്രശ്നമാണ് കുട്ടികളോടൊപ്പം ഇയാളെ പുഴയിൽ ചാടാൻ പ്രേരിപ്പിച്ചതെന്ന് പൊലീസും പറഞ്ഞു. യമുനയിൽ ചാടുന്നതിന് മുൻപ് ഇയാൾ ഒരു വീഡിയോ റെക്കോർഡ് ചെയ്ത് സഹോദരി ഗുലിസ്റ്റയ്ക്ക് അയക്കുകയും ചെയ്തിരുന്നു. അയച്ച വീഡിയോ സന്ദേശത്തിൽ ഭാര്യ ഖുഷ്‌നുമയും കാമുകനുമാണ് ഇതിന് ഉത്തരവാദിയെന്ന് പറയുന്നതായി പൊലീസ്. വീഡിയോ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്.
വീഡിയോയുമായി ഗുലിസ്റ്റ തങ്ങളെ സമീപിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സൽമാൻ ആണ് യമുനയിൽ ചാടിയത്. ഒപ്പം മക്കളായ മഹാക് (12), ഷിഫ (5), അമൻ (3), എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഇനൈഷ എന്നിവരാണുള്ളതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാർ സിംഗ് പറഞ്ഞു. 15 വർഷമായി സൽമാനും ഖുഷ്‌നുമയും വിവാഹിതരായിട്ട്. എന്നാൽ അടുത്തിടെ ഇവർ തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
ഏറ്റവും പുതിയ വഴക്ക് വെള്ളിയാഴ്ചയാണ് ഉണ്ടായതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. സംഭവത്തിന് ശേഷം ഖുഷ്‌നുമ തന്റെ ആൺസുഹൃത്തിനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നും അവർ പറയുന്നു. ഇതറിഞ്ഞ സൽമാൻ തന്റെ കുട്ടികളെയും കൊണ്ട് യമുന പാലത്തിന് സമീപത്ത് നിന്നും ചാടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാർ സിംഗ് പറഞ്ഞു.