സർവകലാശാലയിൽ വെടിവെപ്പ്.. രണ്ട് മരണം.. അക്രമിയായ വിദ്യാർത്ഥിയെ പൊലീസ് വെടിവെച്ചുവീഴ്ത്തി…
സർവകലാശാലയിൽ തോക്കുമായെത്തിയ വിദ്യാർത്ഥി രണ്ട് പേരെ വെടിവെച്ചു കൊന്നു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് സർവകലാശാലയിലാണ് വെടിവെപ്പ് നടന്നത്.പൊലീസുകാരന്റെ മകൻ കൂടിയായ വിദ്യാർത്ഥിയാണ് കാമ്പസിൽ വെടിയുതിർത്തത്. ഇയാളെ പൊലീസ് വെടിവെച്ചു വീഴത്തി.20കാരനായ വിദ്യാർത്ഥി തന്റെ പിതാവിന്റെ പഴയ സർവീസ് റിവോൾവറുമായാണ് കാമ്പസിലെത്തി വെടിയുതിർത്തത്.
പൊലീസ് ഉദ്യോഗസ്ഥർ അക്രമിയെ വെടിവെച്ചിടുകയായിരുന്നു . ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുണ്ടെങ്കിലും ആരോഗ്യനില സംബന്ധിച്ച് അധികൃതർ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് പേരും വിദ്യാർത്ഥികളല്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.നാൽപതിനായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സർവകലാശാലയാണ് ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി. ഇന്നത്തെ ക്ലാസുകൾ പൂർണമായി നിർത്തിവെയ്ക്കുകയും വിദ്യാർത്ഥികളോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.