എയർകണ്ടീഷണർ പൊട്ടിത്തെറിച്ച് അപകടം.. ഒരു കുടുംബത്തിലെ മൂന്ന് പേര് ശ്വാസം മുട്ടി മരിച്ചു.. രക്ഷപെടാൻ പുറത്തേക്ക് എടുത്ത് ചാടിയ മകൻ…

ഹരിയാനയിലെ ഫരീദാബാദിൽ എയർകണ്ടീഷണർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. എസിയുടെ കംപ്രസ്സർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ദമ്പതികളും മകളുമാണ് മരിച്ചത്. സച്ചിൻ കപൂർ, ഭാര്യ റിങ്കു കപൂർ, മകൾ സുജൻ കപൂർ എന്നിവരാണ് മരിച്ചത്. മറ്റൊരു മുറിയിൽ കിടന്നിരുന്ന ദമ്പതികളുടെ മകൻ കെട്ടിടത്തിൽ നിന്നും താഴേക്ക് എടുത്ത് ചാടുകയും രക്ഷപെടുകയും ചെയ്തു.

തിങ്കളാഴ്ച പുലർച്ചെ 1.30-ഓടെ നാല് നില കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് അപകടമുണ്ടായത്. ഇതോടെ രണ്ടാം നിലയിലേക്ക് കനത്ത പുക പടർന്നു. അവിടെയാണ് സച്ചിൻ കപൂറും കുടുംബവും താമസിക്കുന്നത്. സംഭവം നടന്ന സമയത്ത് ഒന്നാം നിലയിലെ വീട്ടിൽ ആരുമില്ലായിരുന്നു. സച്ചിനും ഭാര്യയും മകളും ശ്വാസംമുട്ടിയാണ് മരിച്ചത്. മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന മകൻ രക്ഷപ്പെടാനായി ജനലിലൂടെ പുറത്തേക്ക് ചാടി. രക്ഷപ്പെട്ടെങ്കിലും കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

വലിയ ശബ്ദംകേട്ടാണ് താൻ ഉണർന്നതെന്ന് അയൽവാസി പറഞ്ഞു. വലിയ തോതിൽ മുറിയിൽ നിന്നും പുക ഉയർന്നിരുന്നു. ഉടൻ തന്നെ കെട്ടിടത്തിലെ തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നെങ്കിലും ദമ്പതികൾക്കും മകൾക്കും അപ്പോഴേക്കും ജീവൻ നഷ്ടമായി കഴിഞ്ഞിരുന്നു. കെട്ടിടത്തിലെ മൂന്നാം നില സച്ചിൻ കപൂർ ഓഫീസായി ഉപയോഗിച്ചിരുന്നു. നാലാം നിലയിൽ ഏഴ് പേരുള്ള കുടുംബമാണ് താമസിച്ചിരുന്നത്. അപകടം നടക്കുമ്പോൾ ഇവർ ഇവിടെ ഉണ്ടായിരുന്നോ എന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Related Articles

Back to top button