‘ഞാൻ ജാതീയത ഉണ്ടാക്കിയെന്ന് പറഞ്ഞവർ മാപ്പ് പറയണം’…. പ്രവേശനോത്സവ മിഠായി വിവാദത്തിൽ ആഞ്ഞടിച്ച് വി. മുരളീധരൻ എംഎൽഎ

തിരുവനന്തപുരത്തെ അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശപ്പുറത്ത് വിതറിയിട്ട സംഭവത്തിൽ ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് വി. മുരളീധരൻ എംഎൽഎ. ഇടതുപക്ഷം പല വിഷയങ്ങളിലും പ്രതിരോധത്തിലാണെന്നും അതുകൊണ്ടാണ് തനിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ താൻ ജാതീയത ഉണ്ടാക്കിയെന്ന് ആരോപിച്ചവർ മാപ്പ് പറയണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിപിഎം നേതാക്കൾ രംഗത്തെത്തിയതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കട്ടേല ഗവ. ട്രൈബൽ എൽ പി സ്കൂളിലെ (അംബേദ്കർ മെമ്മോറിയൽ സ്കൂൾ) പ്രവേശനോത്സവത്തിനിടെയാണ് വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടായത്. മുഖ്യാതിഥിയായി പങ്കെടുത്ത സ്ഥലം എംഎൽഎ വി. മുരളീധരൻ കുട്ടികളുടെ കൈകളിലേക്ക് മിഠായി നേരിട്ട് നൽകാതെ മേശപ്പുറത്ത് തട്ടിയിട്ട ശേഷം എടുത്ത് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉദ്ഘാടകയായ മന്ത്രി എ. തുളസി നോക്കിനിൽക്കെയായിരുന്നു എംഎൽഎയുടെ ഈ നടപടി. പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളിൽ എംഎൽഎ നടത്തിയത് വിവേചനപരമായ പെരുമാറ്റമാണെന്ന് ആരോപിച്ചാണ് സിപിഎം ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നാണ് വി. മുരളീധരൻ എംഎൽഎയുടെ നിലപാട്.

Related Articles

Back to top button