തിരശ്ശീല വീണത് മൂന്നാം വയസ്സിൽ തുടങ്ങിയ അഭിനയ ജീവിതത്തിന്….ജെസ്സി വിടപറഞ്ഞത് ഏകമകളെ തനിച്ചാക്കി….
ദുരന്തങ്ങൾ ഒന്നിനു പിറകേ ഒന്നായി വന്നു കൊണ്ടിരിക്കുമ്പോഴും തളരാതെ പൊരുതിയ ജെസ്സി മോഹൻ ഒടുവിൽ യാത്രയായി. ജീവിതത്തിലെ വേദനകളെ ഉള്ളിലൊളിപ്പിച്ച് അരങ്ങിൽ നിറഞ്ഞാടിയ ജെസ്സി അറിഞ്ഞിരുന്നില്ല ഇനി ഒന്നും ഒളിപ്പിക്കാനാവില്ലെന്ന്. ജീവിതത്തിൽ ഏറിയ പങ്കും നാടകത്തിനായി സമർപ്പിച്ച ജെസ്സിയുടെ മരണവും നാടകത്തിനു വേണ്ടി. മൂന്നാം വയസ്സിലാണ് ജെസ്സി നാടകത്തിൽ അഭിനയിച്ചു തുടങ്ങിയത്. ജെസ്സി മോഹന്റെ ഭർത്താവും നടനുമായ തേവലക്കര മോഹനൻ രോഗബാധിതനായി മരിച്ചത് ഈ കഴിഞ്ഞ ജൂൺ 24 നായിരുന്നു. സ്വന്തമായി ഒരു വീട് എന്നത് ഇരുവരുടെയും സ്വപ്നമായിരുന്നു. ആ സ്വപ്നം പൂർത്തിയാക്കാനാകാതെയാണു ഇരുവരുടെയും മടക്കവും.
പിതാവും നാടക നടനുമായിരുന്ന ബേബിച്ചനോടൊപ്പമാണു കുട്ടിക്കാലത്തു ജെസ്സി വേദിയിലെത്തിയത്. അദ്ദേഹം മരിച്ചതോടെ ജെസ്സിയുടെയും 3 സഹോദരങ്ങളുടെയും അമ്മ ത്രേസ്യാമ്മയുടെയും ജീവിതം ദുരിതത്തിലായി. പിന്നീടു 13 വയസ്സു മുതൽ ജെസ്സി അമച്വർ നാടകങ്ങളിൽ നടിയായി. 15 വയസ്സു മുതൽ പ്രഫഷനൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. തുടർന്നാണു ഭർത്താവ് തേവലക്കര മോഹനനൊപ്പം വേദികളിലെത്തിയത്. നാല് പതിറ്റാണ്ടോളം ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ‘കൊല്ലം സ്വാതി’ എന്ന പേരിൽ സ്വന്തം സമിതിയും രൂപീകരിച്ചു.
16 വർഷം ഈ സമിതി വേദികളിൽ സജീവമായിരുന്നു. ഇതിനിടെ സാമ്പത്തിക ബാധ്യത ദമ്പതികളെ പ്രയാസത്തിലാക്കി. ആകെയുള്ള വീടും വസ്തുവും വിറ്റെങ്കിലും കടങ്ങൾ ബാക്കിയായി. തുടർന്ന് ഓച്ചിറ വലിയകുളങ്ങരയിലെ വാടക വീട്ടിലായിരുന്നു താമസം. കോവിഡ് കാലത്താണു സമിതിയുടെ പ്രവർത്തനം നിർത്തിയത്. ഇതിനിടെ മോഹനൻ രോഗബാധിതനായതോടെ ആഘാതം ഇരട്ടിച്ചു. ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ ജെസ്സി മറ്റു സമിതികളിൽ അഭിനയിച്ചു. മോഹനന്റെ വിയോഗത്തോടെ തകർന്നുപോയെങ്കിലും ജീവനോപാധിയായ നാടകത്തെ കൈവിടാനായില്ല ജെസ്സിക്ക്.
തുച്ഛമായ വരുമാനത്തിൽ ജീവിതം മുന്നോട്ടു പോകവെയാണ് ഏകമകളെ തനിച്ചാക്കി ജെസ്സിയുടെ വിയോഗം. ജീവിതത്തിൽ മറ്റു ദുരന്തങ്ങളും അവരെ വേട്ടയാടിയിരുന്നു. 10 വർഷം മുൻപാണു വ്യത്യസ്ത അപകടങ്ങളിൽ 2 സഹോദരങ്ങളെയും ജെസ്സിക്കു നഷ്ടമായത്.
കായംകുളം ദേവ കമ്യൂണിക്കേഷൻസിന്റെ ‘വനിതാ മെസ്സ്’ എന്ന നാടകത്തിൽ ജെസ്സി പ്രധാനപ്പെട്ട രണ്ടു വേഷങ്ങളാണ് അവതരിപ്പിച്ചിരുന്നത്. നവംബർ ഒന്നു മുതലാണ് ഈ നാടകം അവതരിപ്പിച്ചു തുടങ്ങിയത്.