കാലം പറഞ്ഞ കഥ നിരോധിക്കാനാവില്ല…..

കൊച്ചി- വെഞ്ഞാറമൂട് കൂട്ടക്കൊല കേസിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണെന്ന് ആരോപിച്ച് ‘കാലം പറഞ്ഞ കഥ ‘എന്ന മലയാള സിനിമയുടെ റിലീസ്, പ്രദർശനം, സംപ്രേഷണം എന്നിവ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളിക്കളഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് നിർണായക വിധി പ്രസ്താവിച്ചത്. വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതിയുടെ പിതാവാണ് ഹർജി നൽകിയത്. ‘കാലം പറഞ്ഞ കഥ’ തന്റെ മകന്റെ കേസിനെ പൂർണ്ണമായും ആസ്പദമാക്കി തയ്യാറാക്കിയതാണെന്നും, വിചാരണ പൂർത്തിയാകാത്ത സാഹചര്യത്തിൽ സിനിമ പുറത്തിറങ്ങിയാൽ കേസിന്റെ ന്യായവിധിയെ ബാധിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പൊതുജനാഭിപ്രായം തെറ്റിധരിപ്പിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയത്.എന്നാൽ, ഹർജിക്കാരന്റെ വാദങ്ങൾ വ്യക്തമായ തെളിവുകളോ ദൃഢമായ അടിസ്ഥാനങ്ങളോ ഇല്ലാതെ വെറും ആശങ്കകളിലോ അനുമാനങ്ങളിലോ മാത്രമാണ് നിൽക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. സിനിമ ഇതിനകം സെൻസർ ബോർഡ് പരിശോധിച്ച് അനുമതി നൽകിയിരിക്കുന്ന സാഹചര്യത്തിൽ, അതിൽ നിയമവിരുദ്ധമായോ പൊതുശ്രദ്ധയ്ക്ക് ഹാനികരമായോ ഉള്ളടക്കം കണ്ടെത്താനായില്ലെന്ന് കോടതി വ്യക്തമാക്കി. സിനിമയുടെ നിർമ്മാതാവിനും സംവിധായകനും വേണ്ടി ഹൈക്കോടതിയിൽ അഡ്വ.കെ.സുരേഷ് കുമാർ കുറത്തികാട്, അഡ്വ.സാംസൺ ഏബ്രഹാം എന്നിവർ ഹാജരായി.പ്രസാദ് നൂറനാട് സംവിധാം ചെയ്തിരിക്കുന്ന കാലം പറഞ്ഞ കഥയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ്. അജയ് രവി, വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സിതാര കൃഷ്ണകുമാർ, സൂര്യനാരായണൻ, ദീപു, അരിസ്റ്റോ സുരേഷ്, രഞ്ജിത് തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറ ശില്പികൾ. സിനിമ ഏപ്രിൽ 17-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്.



