മുൻകാലങ്ങളിലെ അനുഭവങ്ങൾ കണ്ട് ഒളിച്ചതാവും…. ഫലം പുറത്തുവന്നെങ്കിലും 12 കോടിയുടെ ഭാഗ്യശാലി വെളിച്ചത്ത് എത്തീല…
വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്തുവന്നെങ്കിലും ഒരു ദിവസം പിന്നിടുമ്പോഴും ഭാഗ്യശാലി ആരെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. VD 204266 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞ് മുൻകാലങ്ങളിലെ വിജയികളുടെ അനുഭവം വച്ച് വിഷു ബമ്പർ ഭാഗ്യശാലി പൊതുവേദിയിൽ എത്തില്ലെന്നും വിലയിരുത്തലുകളുണ്ട്. അഥവ വന്നാൽ തന്നെ പേര് വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുമെന്നും പറയപ്പെടുന്നു.
12 കോടിയുടെ ഭാഗ്യശാലിയ്ക്കൊപ്പം ഇരട്ടി മധുരം ലഭിച്ച സന്തോഷത്തിലാണ് പാലക്കാടുള്ള ജസ്വന്ത് ലോട്ടറി ഏജൻസി. ഇവരിൽ നിന്നും ജെ. പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള പി.എസ്. വർഷ ലോട്ടറി ഏജൻസി വാങ്ങി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒപ്പം രണ്ടാം സമ്മാനങ്ങളിൽ ഒന്നും ഇവർ വിറ്റ ടിക്കറ്റിലാണ് ലഭിച്ചിരിക്കുന്നത്. വളയാറുള്ള ഇവരുടെ ഏജൻസിയിൽ നിന്നുമാണ് രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റു പോയത്.
കോഴിക്കോടാണ് ജസ്വന്ത് ലോട്ടറിയുടെ മെയിൻ ഓഫീസ്. ഇവിടെ നിന്നും സംസ്ഥാനത്തെ വിവിധ ഇടങ്ങളിലേക്ക് ഹോൾ സെയിലായി ലോട്ടറി വിൽപ്പനകൾ നടത്താറുണ്ടെന്ന് ഏജൻറ് ജസ്വന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആറ് മാസം മുൻപാണ് തങ്ങൾ ഏജൻസി തുടങ്ങിയതെന്നും ഈ ഭാഗ്യം വന്നതിൽ ഒത്തിരി സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.