ട്രെയിൻ സ്റ്റേഷനിൽ വന്നു നിന്നു… പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുന്നതിന് പകരം എതിർവശത്തുള്ള വാതിലിലൂടെ ചാടി… യുവാവ് മരിക്കാൻ കാരണം…
ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് ഇറങ്ങാൻ ശ്രമിക്കവെ ഇരുമ്പ് വേലിയുടെ കമ്പിയിൽ തല കുരുങ്ങി 27കാരന് ദാരുണാന്ത്യം. മുംബൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിലായിരുന്നു സംഭവം. ട്രെയിൻ സ്റ്റേഷനിൽ വന്നു നിന്നപ്പോൾ യാത്രക്കാരനായ യുവാവ് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുന്നതിന് പകരം എതിർവശത്തുള്ള വാതിലിലൂടെ ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. മരണപ്പെട്ടയാളുടെ തിരിച്ചറിയിൽ രേഖകൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ധില രാജേഷ് ഹമിറ ഭായ് എന്നാണ് മരിച്ച യുവാവിന്റെ പേരെന്ന് പിന്നീട് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
നാലാമത്തെ പ്ലാറ്റ്ഫോമിൽ ലോക്കൽ ട്രെയിൻ വന്നു നിന്ന ഉടനെയായിരുന്നു ഈ ശ്രമമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ ഇതിനിടെ യുവാവിന്റെ തല വേലിയിലെ ഇരുമ്പ് കമ്പിയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. ശരീരം കമ്പിയിൽ കുരുങ്ങിക്കിടന്ന് ചോര വാർന്നാണ് മരണപ്പെട്ടത്.
അധികൃതരും മറ്റ് യാത്രക്കാരും അറിയിച്ചത് അനുസരിച്ച് 108 ആംബുലൻസ് സ്ഥലത്തെത്തി. അപ്പോഴേക്കും അര മണിക്കൂർ പിന്നിട്ടിരുന്നു. എത്തിയ ആംബുലൻസിലെ ജീവനക്കാർ യുവാവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. എങ്ങനെയാണ് അപകടം നടന്നതെന്ന് റെയിൽവെ അന്വേഷിക്കുന്നുണ്ട്. യാതക്കാർ ട്രെയിനിൽ നിന്നിറങ്ങുമ്പോൾ ഇത്തരം അപകടകരമായ വഴികൾ സ്വീകരിക്കരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു.