‘മുഹ്സിനയുടെയും കുട്ടികളുടെയും മരണത്തിന് കാരണം ചികിത്സ നിഷേധിച്ചത്…. 3മരണവും ഒരുമിച്ച് അന്വേഷിക്കണം’…. ബന്ധുക്കൾ

തൃശൂർ: വീട്ടില്‍ നടന്ന പ്രസവത്തിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 37കാരി മരിച്ച സംഭവത്തില്‍ വീണ്ടും ആരോപണങ്ങളുമായി ബന്ധുക്കൾ. വീട്ടിലെ പ്രസവം മൂലം മുഹ്സിന മരിച്ചതിൽ കൂടുതൽ വെളിപ്പെടുത്തലാണ് ബന്ധുക്കൾ നടത്തിയത്. മുഹ്സിനയുടെ വീട്ടിൽ നടന്ന മൂന്ന് മരണത്തിന്റെയും കാരണം ചികിത്സ നിഷേധിച്ചതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ വർഷം മുഹ്സിനയുടെ മൂന്ന് വയസ്സുള്ള കുട്ടിയും മരിച്ചിരുന്നു. ഇതിന് പിന്നിലെ കാരണവും ചികിത്സ നിഷേധിച്ചതാണെന്നാണ് ആരോപണം. സംഭവത്തിൽ മൂന്ന് മരണങ്ങളും ഒന്നിച്ച് അന്വേഷിക്കണമെന്നാണ് മുഹ്സിനയുടെ കുടുംബത്തിൻ്റെ ആവശ്യം.
തിരൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അക്യുപങ്ക്ചർ കേന്ദ്രത്തെ കുറിച്ച് അന്വേഷണം വേണമെന്നും നിരവധി പേർ മുഹ്സിനക്ക് സമാനമായി മരിച്ചിട്ടുണ്ടെന്നും മുഹ്സിനയുടെ കുടുംബം പറഞ്ഞു. കേസിൽ അന്വേഷണം ശക്തമാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ചികിത്സ തടയാൻ കൂട്ടുനിന്നവരെ പ്രതി ചേർത്തിട്ടില്ലെന്നും നിലവിൽ ഭർത്താവ് ഇബ്രാഹിം മാത്രമാണ് കേസിൽ റിമാൻ്റിലായതെന്നും ബന്ധുക്കൾ ആരോപിച്ചു. വ്യാജ ചികിത്സ നടത്തിയവർക്കെതിരെ കേസെടുക്കണമെന്നും ഭർത്താവിന്റെ കുടുംബ സംഭവത്തിൽ കൂട്ടുനിന്നെന്നും ഇവർക്കെതിരെ അന്വേഷണം ശക്തമാക്കി നടപടിയെടുക്കണമെന്നും മുഹ്സിനയുടെ ബന്ധുക്കൾ പറഞ്ഞു. ഭർത്താവിന്റെ കുടുംബം നിരന്തരം ഭീഷണിപെടുത്തുന്നുണ്ടെന്നും ഇവർ പറയുകയുണ്ടായി.
വീട്ടില്‍ നടന്ന പ്രസവത്തിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് 37കാരി മുഹ്സിന മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റിലായിരുന്നു. മുഹ്സിനയുടെ ഭര്‍ത്താവ് ഇബ്രാഹിമിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുഹ്സിനയുടെ മരണ കാരണം പ്രസവശേഷം പരിചരണമില്ലായ്മയാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ മരണ കാരണം ഇപ്പോഴും അവ്യക്തമാണ്.



