വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ സംസ്കാരം വൈകുന്നു….കുവൈത്തിൽ ജോലിക്ക് പോയ ‘അമ്മ ഒന്നരമാസമായി തടവിൽ…
ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ സംസ്കാരം വൈകുന്നു. കുവൈറ്റിൽ ജോലിക്ക് പോയ മാതാവ് ജിനു അവിടെ കുടുങ്ങി കിടക്കുന്നതിനാലാണ് സംസ്കാരം വൈകുന്നത്. അണക്കര സ്വദേശി ഷാനറ്റ് ഷൈജു ആണ് ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഏജൻസി ചതിച്ചതോടെ ജിനുവിനെ കുവൈറ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഒന്നരമാസമായി ജിനു ജയിലിൽ കഴിയുകയാണ്. ആൻ്റോ ആൻ്റണി, സുരേഷ് ഗോപി, ഡീൻ കുര്യാക്കോസ് തുടങ്ങി എംപിമാർ ഇടപെട്ടിട്ടും നടപടികൾ വൈകുന്നുവെന്നാണ് വിവരം. കുവൈത്തിൽ കുടുങ്ങിയ ജിനുവിനെ തിരികെ എത്തിക്കാൻ ശ്രമം തുടരുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ കൃത്യമായി ഇടപെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഷാനറ്റും സുഹൃത്ത് അലനും സഞ്ചരിച്ച ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഇരുവരും മരിച്ചു. രണ്ടര മാസം മുൻപാണ് ജിനു കുവൈത്തിലേക്ക് പോയത്. കുഞ്ഞിനെ നോക്കാനുള്ള ജോലി എന്നാണ് പത്തനംതിട്ടയിലെ ഏജൻസി അറിയിച്ചത്. നാൽപതിനായിരം രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ അവിടെയെത്തിയതിന് ശേഷം വളരെയധികം കഷ്ടപ്പാട് നേരിടേണ്ടി വന്നു. ശമ്പളമായി ലഭിച്ചത് 27000 രൂപ മാത്രമാണ്.