അവകാശവാദം ഇങ്ങനെ… ബി.ജെ.പി 24 വാർഡിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ, എൽ.ഡി.ഫ് 14-15വരെ, യു.ഡി.എഫ് 14 സീറ്റുകൾ….

മാവേലിക്കര- ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രവർത്തനം പൂർത്തിയാകുമ്പോൾ മാവേലിക്കര നഗരസഭയിലെ 28 വാർഡുകളിലേയും സ്ഥാനാർത്ഥികളുടെ പ്രവർത്തനവും ജനങ്ങളുടെ പ്രതീക്ഷകളും നൽകുന്ന സൂചനകൾ നാല് ദിവസങ്ങളായി 140 ന്യൂസ് പ്രസിദ്ധീകരിക്കുകയാണ്. ഒരോ വാർഡുകളിലും ഞങ്ങളുടെ റിപ്പോർട്ടർ നേരിട്ടെത്തി ശേഖരിച്ച വിവരങ്ങളാണ് വായനക്കാരുടെ മുന്നിൽ എത്തിക്കുന്നത്. രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക മേഖലയിലെ വ്യത്യസ്ത വ്യക്തിത്വങ്ങളെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കാൻ ഞങ്ങൾ സമീപിച്ചത്.

വാർഡ്-15, പവർഹൗസ്

രണ്ട് ഘടകകക്ഷി സ്ഥാനാർത്ഥികളും ബി.ജെ.പി സ്ഥാനാർത്ഥിയും മാറ്റുരയ്ക്കുന്ന ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥി സുജിത്തിന് മികച്ച പിൻതുണയാണ് വാർഡിൽ നിന്ന് ലഭിക്കുന്നത്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് ഘടകകക്ഷിക്ക് നൽകിയതിലുളള വിരോധം തുടക്കത്തിൽ കോൺഗ്രസ് അണികളിൽ ഉണ്ടായിരുന്നു. കോശിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കേരള കോൺഗ്രസിലെ സാബു.കെ.എസ് ആണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.

വാർഡ്-16, പടീത്തോട്

സി.പി.എമ്മിന് നിർണ്ണായക സ്വാധീനമുള്ള വാർഡിൽ അഡ്വ.വി.അനിൽ കുമാർ ആണ് മത്സരിക്കുന്നത്. ബി.ജെ.പിയിൽ നിന്ന് ജീവൻ.ആർ.ചാലിശ്ശേരിയാണ് മത്സരരംഗത്തുള്ളത്. യു.ഡി.എഫിൽ ഘടകകക്ഷി മത്സരിക്കുന്ന വാർഡിൽ സുജിത്ത് ആണ് സ്ഥാനാർത്ഥി. ഇടത് കോട്ട പിടിക്കാനുള്ള നീക്കമാണ് ബി.ജെ.പിയും യു.ഡി.എഫും നടത്തുന്നത്.

വാർഡി-17, പുന്നമൂട് മാർക്കറ്റ്

മുൻ നഗരസഭ ചെയർപേഴ്സൺ ലീല അഭിലാഷ് മത്സരിക്കുന്ന വാർഡിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ബി.ജെ.പി സ്ഥാനാർത്ഥി പ്രീത രാജേഷ് വലിയ വെല്ലുവിളി ഉയർത്തുമ്പോൾ ശക്തമായ പോരാട്ടമാണ് അഡ്വ.റീന തോമസ് കാഴ്ചവെക്കുന്നത്. സാമുദായിക സമവാക്യങ്ങൾക്ക് വലിയ പ്രാധാന്യമുള്ള വാർഡിൽ എസ്.എൻ.ഡി.പി വോട്ടുകൾ നിർണ്ണായകമാകും.

വാർഡ്-18, പോനകം

ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.വി.അരുണും ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് പ്രസിഡന്റ് നവീൻ മാത്യു ഡേവിഡും നേർക്കുനേർ കൊമ്പുകോർക്കുന്ന വാർഡിൽ മോഹൻകുമാർ ആണ് കോൺഗ്രസ് സ്ഥാനാർത്ഥി. ഇവിടെ അരവിന്ദാക്ഷൻ, കെ.കെ.ജോർജ്ജ് എന്നീ സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരിക്കുന്നണ്ട്. വാർഡിൽ എസ്.എൻ.ഡി.പി-315, ഓർത്തഡോക്സ്-250, എൻ.എസ്.എസ്-175 സാമുദായിക വോട്ടുകൾ നിർണ്ണായകമാണ്. എസ്.എൻ.ഡി.പി, എൻ.എസ്.എസ് വോട്ടുകളാണ് അനുകൂലമായി ലഭിക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. ഓർത്തഡോക്സ് വോട്ടുകളും പരമ്പരാഗത എസ്.എൻ.ഡി.പി വോട്ടുകളും നഷ്ടപ്പെടില്ലെന്ന് ഇടത് പാളയം കണക്കുകൂട്ടുന്നു. എന്നാൽ എൻ.എസ്.എസ് വോട്ടുകളും ഓർത്തഡോക്സ് വോട്ടുകളിലുമാണ് കോൺഗ്രസ് പ്രതീക്ഷ വെക്കുന്നത്.

വാർഡ്-19, ഫാക്ടറി

ഇടതുപക്ഷത്തിന് നിർണ്ണായക സ്വാധീനമുളള വാർഡിൽ അമൽ ഗോപാലാണ് സി.പി.എം സ്ഥാനാർത്ഥി. ബന്ധുബലം കൊണ്ടും അമൽ ഗോപാൽ വാർഡിൽ ശക്തനാണ്. ഇടത് കോട്ട പിടിച്ചെടുക്കാൻ അയ്യപ്പദാസിനെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി വരുൺ ദേവ് നല്ല മത്സരം കാഴ്ചവെക്കുന്നുണ്ട്.

വാർഡ്-20, സിവിൽ സ്റ്റേഷൻ

5 സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഇവിടെ ബി.ജെ.പിയിലെ മനോജ് കുമാർ, സി.പി.ഐലെ അഡ്വ.വിനയൻ.എം, കോൺഗ്രസിലെ മോഹൻദാസ് എന്നിവർക്ക് പുറമെ ഓമനക്കുട്ടൻ, ശ്രീകൃഷ്ണലാൽ എന്നിവർ സ്വതന്ത്രരായും മത്സരിക്കുന്നുണ്ട്.

വാർഡ്-21, കൊച്ചിക്കൽ തെക്ക്

നഗരസഭ ചെയർമാൻ നൈനാൻ.സി.കുറ്റിശ്ശേരിൽ അവസാന നിമിഷം സ്ഥാനാർത്വത്തിലേക്ക് വന്ന വാർഡിൽ കെ.എസ്.ഇ.ബി എ.ഇ ആയിരുന്ന സുനിൽ കുമാറാണ് സി.പി.എം സ്ഥാനാർത്ഥി. വിദ്യ സനൽ ആണ് ബി.ജെ.പി സ്ഥാനാർത്ഥി. എസ്.എൻ.ഡി.പി വോട്ടുകളാണ് വാർഡിലെ നിർണ്ണായക ശക്തി. ഇത് സുനിൽ കുമാറിനെ തുണയ്ക്കുമെന്നാണ് ഇടത് പക്ഷം കണക്കാക്കുന്നത്.

Related Articles

Back to top button