മാതാവ് ശുചിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട കുട്ടി ഇന്ന് പുതിയ ‘അച്ഛനമ്മമാർക്കൊപ്പം’ ഇറ്റലിയിലേക്ക് പറന്ന്….
പത്തനംതിട്ട: പിറന്നനാള്‍മുതല്‍ അതിജീവനത്തിനായി പൊരുതുകയായിരുന്നു നികിത്. പ്രസവിച്ചയുടന്‍ യുവതി ശൗചാലയത്തിലെ ബക്കറ്റില്‍ ഉപേക്ഷിക്കുകയും പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയും ചെയ്ത കുഞ്ഞ് ‘പുതിയ അച്ഛനമ്മമാര്‍ക്കൊപ്പം’ ഇറ്റലിയിലേക്ക് പറന്നു. ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടിക്ക് ദിവ്യജ്ഞാനമുള്ളവന്‍ എന്നര്‍ഥമുള്ള നികിത് എന്ന പേരാണിട്ടത്.
പലരും ഏറ്റെടുക്കാന്‍ മടിച്ച കുഞ്ഞിനെ ഇറ്റാലിയന്‍ ദമ്പതിമാര്‍ ദൈവത്തിന്റെ കുട്ടിയെയെന്നപോലെ സന്തോഷത്തോടെ ചേര്‍ത്തുപിടിച്ചു.
ആറന്മുളയിലെ വീട്ടില്‍ 2023 ഏപ്രില്‍ നാലിനാണ് ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ പ്രസവിച്ച യുവതി അമിതരക്തസ്രാവത്തെത്തുടര്‍ന്ന് ചെങ്ങന്നൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അധികൃതര്‍ തിരക്കിയതോടെയാണ് കുഞ്ഞ് വീട്ടിലെ ബക്കറ്റിലുണ്ടെന്ന വിവരം ലഭിച്ചത്.
പോലീസാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. 1.3 കിലോഗ്രാം തൂക്കമുണ്ടായിരുന്ന കുഞ്ഞ്, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയിലൂടെ, ഗുരുതരാവസ്ഥ തരണംചെയ്ത് ശിശുസംരക്ഷണ കേന്ദ്രത്തില്‍ വളരുകയായിരുന്നു. ഇവിടെനിന്നാണ് ഇറ്റാലിയന്‍ ദമ്പതിമാര്‍ കുഞ്ഞിനെ ദത്തെടുത്തത്.