മെസ്സി വരവിന്റെ പേരിൽ നികുതിവെട്ടിപ്പ്; നാല് ജിഎസ്ടി ഉദ്യോഗസ്ഥർക്ക്…

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ നികുതിവെട്ടിപ്പ് നടന്നതായി ജിഎസ്ടി വകുപ്പിന്റെ എസ്‌ഐടി അന്വേഷണത്തിൽ കണ്ടെത്തൽ. നികുതി ഈടാക്കുന്നതിൽ നാല് ജിഎസ്ടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നികുതിവെട്ടിപ്പിൽ ഇടപെടാതിരിക്കാൻ ഉദ്യോഗസ്ഥർക്ക് മേൽ രാഷ്ട്രീയ സമ്മർദമുണ്ടായിരുന്നുവെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചു.

ഇതിൽ ഉന്നതതല ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാകാൻ കൂടുതൽ അന്വേഷണം വേണമെന്ന് എസ്‌ഐടി ശുപാർശ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ അന്വേഷണ റിപ്പോർട്ട് ജിഎസ്ടി കമ്മിഷണർ മുഖ്യമന്ത്രിക്ക് കൈമാറും. ഉദ്യോഗസ്ഥർക്കെതിരെയും നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടും സ്വീകരിക്കേണ്ട തുടർനടപടികൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷം വകുപ്പുതലത്തിൽ തീരുമാനിക്കും. ജിഎസ്ടി വകുപ്പിന്റെ പരിധിയിൽ വരാത്ത കണ്ടെത്തലുകൾ ആദായനികുതി വകുപ്പിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കൈമാറാനും തീരുമാനമുണ്ട്. അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിനായി സ്പോൺസർ 126 കോടി രൂപ വിദേശത്തേക്ക് അയച്ചതിൽ 22.6 കോടി രൂപ നികുതിയായി നൽകേണ്ടതായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ അർജന്റീന ടീം കേരളത്തിലെത്തിയില്ല.

ടീം എത്താത്തതിനാൽ നികുതി കിഴിവ് ലഭിക്കാമെങ്കിലും, ഈ നികുതി ഒരു വർഷം മുമ്പുതന്നെ അടയ്ക്കേണ്ടതായിരുന്നുവെന്നാണ് ജിഎസ്ടി എസ്‌ഐടിയുടെ കണ്ടെത്തൽ. നികുതി വൈകിയതിന് പിഴയും പലിശയും ഈടാക്കണമെന്നും ലീഗൽ ഫീസിന്റെ നികുതിയും ഈടാക്കേണ്ടിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഉദ്യോഗസ്ഥരുടെ മൊഴികൾ, പണമിടപാടുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ, നികുതി റിട്ടേണുകൾ എന്നിവ അന്വേഷണ സംഘം വിശദമായി പരിശോധിച്ചിട്ടുണ്ട്. മെസ്സി-അർജന്റീന വരവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ കൂടുതൽ തലങ്ങളിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.

Related Articles

Back to top button