ചതുപ്പുനിലത്തിൽ യുവാവിന്റെ മൃതദേഹം..സമീപത്ത് ഛർദിച്ചനിലയിൽ രക്തവും മദ്യവും ഭക്ഷണവും..

പാലക്കാട് ഹോട്ടലിന് സമീപമുള്ള ഒഴിഞ്ഞസ്ഥലത്ത് തമിഴ്‌നാട് സ്വദേശിയായ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ താന്തോണിമലൈ വെള്ളഗൗണ്ടൻ നഗറിലെ പളനിസാമിയുടെ മകൻ പി. മണികണ്ഠൻ (27) ആണ് മരിച്ചത്. സംഭവത്തിൽ യുവാവിനൊപ്പം ഹോട്ടലിൽ മുറിയെടുത്തിരുന്ന സ്ത്രീയുൾപ്പെടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്‌റ്റേഡിയം ബസ് സ്റ്റാൻഡിനടുത്തുള്ള വാലിപ്പറമ്പ് റോഡിലെ ഹോട്ടലിന്റെ മതിലിനോടു തൊട്ടുള്ള ചതുപ്പുനിലത്താണ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു.

വെള്ള ഷർട്ടും നീല പാന്റ്‌സുമാണ് യുവാവിന്റെ വേഷം. ഹോട്ടലിന്റെ മതിലിനടുത്ത് മലർന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കാലിന് പരിക്കുണ്ട്. അടിവയറ്റിൽ രക്തം കട്ടപിടിച്ച അവസ്ഥയിലാണ്. സമീപത്ത് രക്തവും മദ്യവും ഭക്ഷണവും ഛർദിച്ച നിലയിലായിരുന്നു. വലതുകാലിലെ പാന്റ്സിൽ മുട്ടുവരെ ചെളി പിടിച്ചിട്ടുണ്ട്. പുല്ലുനിറഞ്ഞു കിടക്കുന്ന സ്ഥലമാണിത്. മതിലിൽനിന്നോ മറ്റോ വീണതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

ഞായറാഴ്ച രാത്രി 10.30-ഓടെയാണ് മണികണ്ഠനും സുഹൃത്തുക്കളും ഹോട്ടലിൽ മുറിയെടുത്തതെന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിറ്റേന്നുതന്നെ മണികണ്ഠൻ മാത്രം മുറി വിട്ടതായാണു വിവരം. സുഹൃത്തുക്കൾ ബുധനാഴ്ച രാവിലെയാണ് മുറിയൊഴിഞ്ഞത്. ഇവർ തമ്മിൽ ഹോട്ടലിനുള്ളിൽവെച്ച് തർക്കമുണ്ടായതായി സംശയമുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷമേ അപകടമാണോ കൊലപാതകമാണോയെന്നു പറയാൻ കഴിയൂയെന്ന നിലപാടിലാണ് പോലീസ്.

സൗത്ത് പോലീസ്, ഫൊറൻസിക് വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തി. പോലീസ് നായ ഒഴിഞ്ഞ സ്ഥലത്തുള്ള വഴിയിലൂടെ സ്റ്റേഡിയം സ്റ്റാൻഡിനു സമീപത്തെ റോഡ് വരെ മണം പിടിച്ചു പോയി. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ. വ്യാഴാഴ്ച പോസ്റ്റുമോർട്ടം നടത്തും.

Related Articles

Back to top button