18 വയസുകാരനായ വിദ്യാർത്ഥി അധ്യാപികയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി..
അധ്യാപികയെ വിദ്യാർഥി പെട്രോൾ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ വിദ്യാർഥി തീ കൊളുത്തിയത്. നർസിംഗ്പൂർ ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രതി സൂര്യാൻഷ് കൊച്ചാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇയാൾക്കെതിരെ അധ്യാപിക നേരത്തെ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നുണ്ടായ വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്നാണ് ആരോപിക്കപ്പെടുന്നത്. പൊലീസ് പറയുന്നതനുസരിച്ച് വൈകുന്നേരം 3.30 ഓടെയാണ് സംഭവം നടന്നത്. പെട്രോൾ നിറച്ച കുപ്പിയുമായി പ്രതി അധ്യാപികയുടെ വീട്ടിലേക്ക് പോയി. തുടർന്ന് പെട്രോൾ അവരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തി. പിന്നലെ സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെട്ടു.
15 ശതമാനത്തോളം പൊള്ളലേറ്റ അധ്യാപികയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെങ്കിലും ജീവന് ഭീഷണിയല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രതിയും അധ്യാപികയും രണ്ട് വർഷത്തിലേറെയായി പരസ്പരം പരിചയമുള്ളവരായിരുന്നു. സൂര്യൻഷിന് അധ്യാപികയോട് പ്രണയം ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. രണ്ട് വർഷങ്ങൾക്ക് മുമ്പ് സ്കൂളിൽ നിന്ന് വിദ്യാർത്ഥിയെ പുറത്താക്കുകയും മറ്റൊരു സ്കൂളിൽ ചേരുകയുമായിരുന്നു.
പ്രതിക്കെതിരെ സെക്ഷൻ 124A-യും മറ്റ് പ്രസക്തമായ വകുപ്പുകളും പ്രകാരം കേസെടുത്തിട്ടുണ്ട്. അധ്യാപികയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.