സൈക്കിളിൽ പോകവെ ടയറിൽ കടിച്ച് വീഴ്ത്തി…ആലപ്പുഴയിൽ തെരുവ് നായ ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ…
ചാരുമൂട്: ആലപ്പുഴ ചാരുമൂടിൽ പേവിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന നാലാം ക്ലാസ്സ് വിദ്യാർത്ഥി തെരുവ് നായയുടെ ആക്രമണമേറ്റത് വീട്ടിൽ അറിയിച്ചിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ. രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. സൈക്കിളിൽ പോയ കുട്ടിയെ തെരുവുനായ ടയറിൽ കടിച്ച് വീഴ്ത്തുകയായിരുന്നു. കുട്ടി താഴെ വീണപ്പോൾ തുടയിൽ പോറൽ ഉണ്ടായി. ഇതിനിടയിൽ നായയുടെ നഖം കുട്ടിയുടെ കാലിൽ കൊണ്ടതായാണ് നിഗമനം.
എന്നാൽ ഇതിനെ പറ്റി കുട്ടി വീട്ടിൽ ആരോടും പറഞ്ഞിരുന്നില്ല. പനി ബാധിച്ച് നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണം കണ്ടെത്തിയത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ ചികിത്സയക്കായി മാറ്റുകയായിരുന്നു. കുട്ടിയുമായി അടുത്ത് സഹകരിച്ച ആളുകൾക്കെല്ലാം പേവിഷ ബാധ പ്രതിരോധ കുത്തിവെയ്പു എടുത്തിട്ടുണ്ട്.