2019ല്‍ കഞ്ചാവ് കേസ്.. അന്ന് കസ്റ്റഡിയിലെടുത്ത ബൈക്കും മോഷ്ടിച്ചത്.. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ട്വിസ്റ്റ്!

കഞ്ചാവ് കേസിലെ പ്രതിക്കെതിരെ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം മോഷണക്കുറ്റത്തിനും കേസ്. 2019ല്‍ കൊച്ചിയില്‍ നിന്ന് മോഷ്ടിച്ച ബൈക്ക് ഇടുക്കി പൊലീസ് സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. എട്ട് ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനാണ് സുബിജിത്ത് എന്ന യുവാവിനെ ഇടുക്കി പൊലീസ് പിടികൂടുന്നത്. ഇയാള്‍ ഓടിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ വാഹനം ആരുടേതെന്ന് പരിശോധിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം പതിവ് പരിശോധനയുടെ ഭാഗമായാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് അന്വേഷണം ആരംഭിക്കുന്നത്. ഇതോടെയാണ് കഥയുടെ ട്വിസ്റ്റ്.

2019 ഓഗസ്റ്റില്‍ വഞ്ചിക്കവലയ്ക്കടുത്തുള്ള മണിയാറന്‍ കുടിയില്‍ നിന്നുള്ള സുബിജിത്ത് എന്ന യുവാവിനെ ഇടുക്കി പൊലീസ് പിടികൂടുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിച്ചതിനാണ് കേസ്. ഇയാള്‍ അന്ന് ഓടിച്ചിരുന്ന ബൈക്കും പൊലീസ് പിടിച്ചിച്ചെടുത്തു. തുടര്‍ന്ന് വാഹനം പൊലീസ് സ്റ്റേഷനില്‍ തന്നെ സൂക്ഷിച്ചു. വാഹനത്തിന്റെ ഉടമയെക്കുറിച്ചോ രജിസ്‌ട്രേഷനെക്കുറിച്ചോ ഒന്നും പൊലീസ് അന്വേഷിച്ചിരുന്നില്ല. വാഹനത്തിന് മറ്റ് അവകാശികളും എത്തിയില്ല

2023 സെപ്തംബറില്‍ കോടതി സുബിജിത്തിന് 10 ദിവസത്തെ തടവും 10,000 രൂപ പിഴയും വിധിച്ചു. ശിക്ഷ കഴിഞ്ഞിറങ്ങിയ ഇയാള്‍ ബൈക്ക് അന്വേഷിച്ചെത്തിയതും ഇല്ല. മാലിന്യ നിര്‍മാര്‍ജന ഡ്രൈവിന് മുന്നോടിയായി അവകാശികളില്ലാത്ത വാഹനങ്ങളുടെ പതിവ് പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ബൈക്കിലെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. അടിസ്ഥാന പരിശോധനയില്‍ എറണാകുളം രജിസ്‌ട്രേഷനാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് വാഹനം മലപ്പുറത്തെ പൊന്നാനിയിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടെത്തുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊച്ചിയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചതാണെന്ന് കണ്ടെത്തുന്നത്. വാഹനത്തിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്തി ബന്ധപ്പെടുമ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് സ്ഥിരീകരിക്കുന്നത്. വാഹനം തിരികെ കിട്ടുന്നതിനായി ഉടമ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അപേക്ഷ നല്‍കിയാല്‍ തിരികെ നല്‍കുമെന്നും പൊലീസ് പറഞ്ഞു.

Back to top button