സംസ്ഥാന ധനകമ്മീഷൻ റിപ്പോർട്ട്, കേരളത്തിലേത് അതിഗുരുതരമായ പ്രശ്നം

ഏഴാം സംസ്ഥാന ധനകാര്യക്കമ്മീഷന്റെ 2026-27-ലേക്കുള്ള അനുബന്ധ റിപ്പോർട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർക്ക് സമർപ്പിച്ചു. സംസ്ഥാന സർക്കാർ പ്രാദേശിക ഗവൺമെന്റുകൾക്ക് 2026-27-ൽ കൈമാറേണ്ട ധനവിഭവങ്ങൾ സംബന്ധിച്ച ശുപാർശകൾ സംസ്ഥാന ധനക്കമ്മീഷൻ നേരത്തെ സമർപ്പിച്ചിരുന്നതാണ്. പതിനാറാം കേന്ദ്ര ധനകാര്യക്കമ്മീഷൻ ശുപാർശകൾ പുറത്തുവന്നതോടുകൂടി അവകൂടി പരിഗണിച്ചുകൊണ്ട് ധനവിന്യാസത്തിൽ വരുത്തേണ്ട മാറ്റങ്ങളാണ് അനുബന്ധ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

പതിനാറാം കേന്ദ്രധനക്കമ്മീഷൻ പ്രാദേശിക സർക്കാരുകൾക്ക് നൽകുന്ന ധനസഹായത്തിന്റെ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതനുസരിച്ച് കേരളത്തിലെ പ്രാദേശിക സർക്കാരുകളുടെ വികസന പദ്ധതികളിൽ ആവശ്യമായ മാറ്റം വരുത്തി കേന്ദ്ര ധനക്കമ്മീഷൻ ഗ്രാന്റുകൾ നഷ്ടമാവുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങളാണ് അനുബന്ധ റിപ്പോർട്ടിലുള്ളത്. പതിനഞ്ചാം കേന്ദ്രധനക്കമ്മീഷൻ ഇന്ത്യയിലെ പ്രാദേശിക സർക്കാരുകൾക്ക് വിതരണം ചെയ്തത് 4,32,361 കോടി രൂപയായിരുന്നു. പതിനാറാം ധനക്കമ്മീഷൻ പ്രാദേശിക സർക്കാരുകളുടെ ഗ്രാന്റ് 7,91,493 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. പ്രാദേശിക സർക്കാരുകൾക്ക് നൽകുന്ന ഗ്രാന്റിൽ നഗരഭരണസ്ഥാപനങ്ങളുടെ അനുപാതം മുൻ കമ്മിഷന്റെ കാലത്ത് 35.66 ശതമാനമായിരുന്നു.

പതിനാറാം ധനക്കമ്മീഷൻ ഇത് 45.01 ശതമാനമായി ഉയർത്തിയിട്ടുണ്ട്. നഗരവത്കരണത്തിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് പതിനാറാം ധനക്കമ്മീഷൻ 56,100 കോടി രൂപയും 10,000 കോടി രൂപയും അടങ്കലുള്ള രണ്ട് പ്രത്യേക നഗരവികസന പദ്ധതികൾകൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിരക്കിൽ നഗരവത്കരണം നടക്കുന്ന സംസ്ഥാനമാണെങ്കിലും മാനദണ്ഡങ്ങളുടെ പ്രത്യേകത കാരണം ഈ പദ്ധതികളുടെ ആനുകൂല്യം കേരളത്തിന് കിട്ടാൻ സാധ്യത കുറവായതിനാൽ അതിനുള്ള അർഹത ബോധ്യപ്പെടുത്തേണ്ടതുണ്ട്.

Related Articles

Back to top button