രണ്ട് യുവാക്കള്‍ ഇവിടെയെത്തി സാധനങ്ങള്‍ക്ക് തീയിടുന്നത് കണ്ടു…പക്ഷെ…കത്തിച്ചത് സൗജന്യ പരിശീലനത്തിനുള്ള കായിക ഉപകരണങ്ങള്‍…..
പി എസ് സിയുടെയും മറ്റും യൂണിഫോം തസ്തികകളിലേക്ക് കായിക പരിശീലനത്തിനായി ഉപയോഗിക്കുന്ന സാധനസാമഗ്രികള്‍ തീവെച്ച് നശിപ്പിച്ചു. കോഴിക്കോട് ചെറുകുളത്തൂര്‍ മഞ്ഞൊടി നമ്പോലത്ത് ഉണ്ണിക്കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഹൈജമ്പ് ബെഡും മറ്റ് ഉപകരണങ്ങളുമാണ് അജ്ഞാതര്‍ നശിപ്പിച്ചത്. പരീക്ഷാർഥികളായ യുവതീയുവാക്കള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നതിന് ഉപയോഗിച്ചു വരുന്ന വസ്തുക്കളാണ് തീയിട്ട് നശിപ്പിച്ചത്.
പെരുവയല്‍ സെന്റ് സേവ്യേഴ്‌സ് യു പി സ്‌കൂളിന് സമീപത്തെ ബാഡ്മിന്റണ്‍ കോര്‍ട്ടിന് സമീപത്താണ് ഇവ സൂക്ഷിച്ചിരുന്നത്. രണ്ട് യുവാക്കള്‍ ഇവിടെയെത്തി സാധനങ്ങള്‍ക്ക് തീയിടുന്നത് കണ്ടെന്ന് സമീപവാസിയായ സ്ത്രീ പറഞ്ഞു. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും ഇവര്‍ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് വെള്ളിമാട്കുന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് ബാഡ്മിന്റണ്‍ കോര്‍ട്ട് കെട്ടിടത്തിന്റെ ജനലിനും തീപ്പിടിച്ചു. സംഭവത്തില്‍ മാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.