സിപിഐ ലോക്കൽ സെക്രട്ടറിയെ പടക്കമെറിഞ്ഞ കേസ്…അത് ആക്രമണമല്ല, യുവാക്കളുടെ വികൃതി…
സ്കൂട്ടറിൽ യാത്ര ചെയ്ത സിപിഐ തിരുവല്ലം ലോക്കൽ കമ്മിറ്റി സെക്രട്ടറി വെള്ളാർ സാബുവിനെ പടക്കമെറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്ത യുവാക്കൾക്ക് ജാമ്യം. സംഭവത്തിൽ രണ്ടുപേരെയാണ് ഇന്നലെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളാർ അറൈവൽ കോളനി പണയിൽ വീട് വിമൽ മിത്ര (25), വെള്ളാർ കൈതവിള വീട്ടിൽ ജിത്തുലാൽ (23) എന്നിവരെയാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6.15 ഓടെയാണ് വെള്ളാർ സാബു സമുദ്രാ റോഡിൽ നിന്നും വെള്ളാർ റോഡിലേക്ക് സ്കൂട്ടറിൽ വരുന്നതിനിടയിൽ പ്രതികൾ പടക്കം എറിഞ്ഞെന്നായിരുന്നു പരാതി.
പ്രദേശത്തെ സിസി.ടിവി ക്യാമറ, മൊബൈൽ ടവർ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇന്നലെ ഉച്ചയോടെ പ്രതികൾ വെള്ളാർ ഭാഗത്തുനിന്നു പിടിയിലായത്. എന്നാൽ ക്ഷേത്രത്തിന് സമീപത്ത് നിന്നും ലഭിച്ച പടക്കം പൊട്ടിച്ച യുവാക്കളുടെ വികൃതിയാണെന്നും ആക്രമണമല്ലെന്നും മനസിലായതോടെ ജാമ്യം നൽകുകയായിരുന്നെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു.
അദ്ദേഹം വാഹനത്തിലെത്തിയപ്പോൾ ശബ്ദം കേട്ട് തിരികെയെത്തി നോക്കിയപ്പോഴാണ് പടക്കം പൊട്ടിയത് ശ്രദ്ധയിൽപെട്ടത്. ഇതിന് പിന്നാലെയാണ് പരാതി നൽകിയതെന്നും പൊലീസ് പറയുന്നു. യുവാക്കൾക്കെതിരെ കേസ് നിലവിലുണ്ട്.