അമ്മയ്ക്ക് ഒരു പ്രശ്‌നവുമില്ല…അത് ആത്മഹത്യാ ശ്രമമല്ല, അമ്മ ഉറക്ക ഗുളിക കഴിച്ചത് കൂടിപ്പോയതാണ്..
കഴിഞ്ഞ ദിവസം ആണ് ഗായിക കൽപ്പന രാഘവേന്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൈദരാബാദിലെ നിസാംപേട്ടിലെ വസതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു വിവരം. എന്നാൽ ഇത് വാസ്തവിരുദ്ധമാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കൽപനയുടെ മകൾ ദയാ പ്രസാദ് പ്രഭാകർ. അമ്മ ഉറക്ക ഗുളിക കഴിച്ചതിന്റെ ഡോസ് കൂടിപ്പോയതാണെന്നും നിലവിലെ പ്രചാരണങ്ങൾ തെറ്റാണെന്നും ദയ പറഞ്ഞു.
“അമ്മയ്ക്ക് ഒരു പ്രശ്‌നവുമില്ല. അമ്മ പൂർണ ആരോഗ്യവതിയാണ്. സുഖം പ്രാപിച്ചിട്ടുണ്ട്. അമ്മ എന്നും സന്തോഷവതിയും ആരോഗ്യവതിയും തന്നെ ആയിരിക്കും. അവരൊരു ഗായികയാണ്. നിലവിൽ പിഎച്ച്ഡിയും എൽഎൽബിയും ചെയ്യുന്നുണ്ട്. ഇത് ഉറക്കം ഇല്ലാതാക്കി. ഇതേ തുടർന്ന് അമ്മ ചികിത്സ തേടുകയും ചെയ്തു. ഡോക്ടർ നിർദ്ദേശിച്ച ഗുളിക കഴിച്ച് വരികയാണ്. പക്ഷേ സമ്മർദ്ദം കാരണം ഗുളികയുടെ അളവ് കൂടിപ്പോയി. അല്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല. ദയവായി കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കരുത്”, എന്നാണ് ദയ പറഞ്ഞത്.