പൊറോട്ടയ്ക്കൊപ്പം ഗ്രേവി നല്‍കണോ….പരാതി ഉപഭോക്തൃ ഫോറം വീണ്ടും പരിഗണിക്കണം….

തിരുവനന്തപുരം: ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു തര്‍ക്കത്തില്‍, പൊറോട്ട പ്രേമികള്‍ക്ക് ആവേശം പകരുന്ന സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. പൊറോട്ടയ്ക്കൊപ്പം ഗ്രേവി (ചാറ്) നല്‍കിയില്ലെന്ന ഉപഭോക്താവിന്റെ പരാതി തള്ളിക്കളഞ്ഞ എറണാകുളം ജില്ലാ ഫോറത്തിന്റെ മുന്‍ ഉത്തരവ് സംസ്ഥാന കമ്മീഷന് റദ്ദാക്കി. ഉപഭോക്താവിന് അനുകൂലമായ സമീപനമല്ല ജില്ലാ ഫോറം സ്വീകരിച്ചതെന്ന് സംസ്ഥാന കമ്മീഷന് നിരീക്ഷിച്ചു.
2024 നവംബര്‍ 9ന് എറണാകുളം സ്വദേശിയും ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനുമായ ഷിബു എസ് സുഹൃത്തിനൊപ്പം കോലഞ്ചേരിയിലെ പേര്‍ഷ്യന്‍ ടേബിള്‍ എന്ന റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. പൊറോട്ടയും ബീഫ് ഫ്രൈയും ഓര്‍ഡര്‍ ചെയ്ത ഇവര്‍ക്ക് റെസ്റ്റോറന്റ് അധികൃതര്‍ ഗ്രേവി നല്കാന് കൂട്ടാക്കിയില്ല. ഷിബുവിന്റെ പരാതിയെ തുടര്‍ന്ന് നവംബര്‍ 20ന് താലൂക്ക് സപ്ലൈ ഓഫീസര്‍ റെസ്റ്റോറന്റില്‍ പരിശോധന നടത്തുകയും ഗ്രേവി നല്‍കിയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സേവനത്തില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് ഷിബു ജില്ലാ ഉപഭോക്തൃ കമ്മീഷന് പരാതി നല്കി.



