ബൈക്കിൽ മുഖംമറച്ചെത്തി ആക്രമണം… ശിരോമണി അകാലിദൾ നേതാവിനെ…
ശിരോമണി അകാലിദൾ നേതാവിനെ അജ്ഞാതർ വെടിവെച്ച് കൊന്നു. ഞായറാഴ്ച ടൗണിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപത്തായിരുന്നു സംഭവം. അമൃത്സറിലെ ജണ്ഡ്യാല ഗുരുവിലെ അകാലിദൾ കൗൺസിലറായ ഹർജീന്ദർ സിങ് ആണ് കൊല്ലപ്പെട്ടത്. ബൈക്കിൽ മുഖംമറച്ചെത്തിയവരാണ് ഹർജീന്ദർ സിങ്ങിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. നാലുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. രണ്ട് തവണ ഹർജീന്ദറിന്റെ തലയ്ക്ക് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപും ഹർജീന്ദറിന്റെ വീടിന് നേരേ വെടിവെപ്പ് ഉണ്ടായിരുന്നു. ഈ അക്രമികൾ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരോപിച്ചു. ഹർജീന്ദറിന് നേരേ ഇവർ ഭീഷണി മുഴക്കിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. നേരത്തേ മുഖംമറച്ചെത്തിയ അക്രമികൾ ഹർജീന്ദറിന്റെ വീടിന് നേരേ വെടിയുതിർക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മുതിർന്ന അകാലിദൾ നേതാവ് ബീക്കാറം സിങ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ആംആദ്മി സർക്കാരിന്റെ ഭരണത്തിൽ പഞ്ചാബിലെ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും ബീക്കാറാം സിങ് കുറ്റപ്പെടുത്തി. അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞതായും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.