കോടിപതിക്ക് അമിതാഹ്ലാദമില്ല..‘ബമ്പറടിച്ചെന്നുകരുതി ഒന്നിനും ഒരു മാറ്റവുമുണ്ടാകില്ല, നാളെമുതൽ ജോലിക്കു പോകും’..

ആലപ്പുഴ: ‘500 രൂപ മാറ്റിവെക്കാൻ പലപ്പോഴും കഴിയാറില്ല. അതിനാൽ ഇതുവരെ ബമ്പറെടുത്തിട്ടില്ല. അപ്പോഴാണ് ഇത്തവണത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പു മാറ്റിവെച്ച വാർത്തയറിഞ്ഞത്. എന്നാൽ, ഇത്തവണ ഒന്നെടുത്തേക്കാമെന്നു കരുതി. ഒന്നാം സമ്മാനമടിക്കുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല. ചെറിയ ഭാഗ്യക്കുറികൾ വല്ലപ്പോഴും എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ സമ്മാനമടിച്ചിട്ടില്ല’- കേരളം കാത്തിരുന്ന തിരുവോണം ബമ്പർ ഭാഗ്യശാലി ചേർത്തല തൈക്കാട്ടുശ്ശേരി നെടുംചിറ വീട്ടിൽ ശരത് എസ്. നായർ പറഞ്ഞു.

നറുക്കെടുപ്പ്‌ ശനിയാഴ്ച കഴിഞ്ഞെങ്കിലും വിജയി ആരെന്നറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് 25 കോടിയുടെ ഉടമയെ പുറംലോകമറിഞ്ഞത്. കൊച്ചി നെട്ടൂരിലെ പെയ്ന്റ് വിൽപ്പന സ്ഥാപനത്തിലെ ഗോഡൗൺ ഇൻ ചാർജാണ് ശരത്. ഗോഡൗണിലെ നിറക്കൂട്ടുകൾ പോലെ ശരത്തിന്റെ ജീവിതവും ഇനി കളർഫുളാകും.

സ്ഥാപനത്തിനു സമീപത്തെ കടയിൽ നിന്നാണ് ശരത് ടിക്കറ്റെടുത്തത്. ഫലം ഓൺലൈൻ മാധ്യമങ്ങളിൽ വന്നപ്പോൾ ജോലിസ്ഥലത്തായിരുന്നു. സംശയം തോന്നി ഭാര്യ അപർണയെ വിളിച്ച് താനെടുത്ത ടിക്കറ്റിന്റെ നമ്പർ തന്നെയാണോയെന്ന് ഉറപ്പുവരുത്തി. വീടിനു സമീപം കടനടത്തുന്ന സഹോദരൻ രഞ്ജിത്തിനോടും വിവരം പറഞ്ഞു. പിന്നെ, രണ്ടുദിവസം രഹസ്യമായി സൂക്ഷിച്ചു.

തിങ്കളാഴ്ച രാവിലെ നെട്ടൂരിലെ ജോലി സ്ഥലത്തെത്തി അവധി പറഞ്ഞശേഷം തുറവൂർ എസ്ബിഐയിലെത്തി ടിക്കറ്റ് കൈമാറി. തുടർന്ന് ശരത് തന്നെ മാധ്യമങ്ങളെ വിവരമറിയിച്ചു. പാഞ്ഞെത്തിയ മാധ്യമങ്ങൾക്കു മുന്നിൽ അമിതാഹ്ലാദം പ്രകടിപ്പിക്കാതെയായിരുന്നു പ്രതികരണം.

‘ഭാഗ്യക്കുറി അടിച്ചെന്നു കരുതി ഒന്നിനും ഒരുമാറ്റവുമുണ്ടാകില്ല. ചൊവ്വാഴ്ച മുതൽ ജോലിക്കു പോകും. 12 വർഷമായി അവിടെ ജോലി ചെയ്യുന്നു. ഒരുദിവസത്തെ അവധി പറഞ്ഞാണു പോന്നത്. അവരോടും ഒന്നും പറഞ്ഞിരുന്നില്ല’- ശരത് പറഞ്ഞു.

ശശിധരൻ നായരും രാധാമണിയുമാണ് മാതാപിതാക്കൾ. മകൻ ആഗ്‌നേയ് കൃഷ്ണയ്ക്ക് ആറുമാസം പ്രായം. നാലുവർഷം മുൻപ് പക്ഷാഘാതം വന്ന ശശിധരൻ നായർ തുടർച്ചികിത്സയിലാണ്.

കുടുംബവീടിനോടുചേർന്ന് മൂന്നുവർഷം മുൻപാണ് ശരത് വീടുവെച്ചത്. അതിന്റെ ബാധ്യതയുണ്ട്. ‘വായ്പ തിരിച്ചടയ്ക്കണം, അച്ഛനു നല്ല ചികിത്സ നൽകണം’- ശരത് പറഞ്ഞു.

Related Articles

Back to top button