ഏറെ വൈകിയും വീട്ടിലെത്തിയില്ല.. ഭെൽ ജനറൽ മാനേജർ ഓഫീസിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ…
പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ (ഭെൽ) മുതിർന്ന ഉദ്യോഗസ്ഥൻ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ. വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം.. ജനറൽ മാനേജറായ എം ഷൺമുഖത്തെയാണ് (50) തിരുച്ചിറപ്പള്ളിയിലെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം വെടിവെച്ച് ജീവനൊടുക്കിയതാണെന്നാണ് നിഗമനം.
കഴിഞ്ഞദിവസം രാവിലെ ഒൻപത് മണിക്ക് മണിക്ക് വീട്ടിൽ നിന്ന് ഓഫീസിലേക്ക് പോയ അദ്ദേഹം വൈകുന്നേരം ഏഴ് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. അദ്ദേഹം പോയി പരിശോധിച്ചപ്പോൾ ഓഫീസ് അകത്തു നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു. എന്തെങ്കിലും മീറ്റിങിൽ പങ്കെടുക്കുകയായിരിക്കും എന്ന് കരുതിയ സെക്യൂരിറ്റി ജീവനക്കാരൻ വീട്ടുകാരെ അറിയിച്ചു. പിന്നീട് രാത്രി ഒരു മണിയായിട്ടും വീട്ടിലെത്തുകയോ ഫോണിൽ ബന്ധപ്പെടൻ സാധിക്കുകയോ ചെയ്യാതായതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് എത്തിയപ്പോളും ഓഫീസ് അടച്ച നിലയിലായിരുന്നു. പൊലീസും ഭെലിലെ അഗ്നിശമന വിഭാഗവും ചേർന്ന് ബലമായി തുറന്ന് പരിശോധിച്ചപ്പോഴാണ് അകത്ത് വെടിയേറ്റ് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം ഏഴ് മണി വരെ അദ്ദേഹവുമായി ചിലർ സംസാരിച്ചിരുന്നു. വൈകുന്നേരം 4.30ന് ഒരു മീറ്റിങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.