ഫ്ലാറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടത് അയൽക്കാർ, പൊലീസ് എത്തി നോക്കിയപ്പോൾ….

ഡൽഹിയിൽ 27കാരിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈസ്റ്റ് ഡൽഹിയിലെ പാത്പർഗഞ്ചിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മൃതദേഹം കത്തിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളും സ്ഥലത്തുണ്ടായിരുന്നു. യുവതിക്ക് പരിചയമുള്ള ഒരു ബന്ധുവോ സുഹൃത്തോ  ആണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. യുവതിയുടെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ നിന്ന് കറുത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ വൈകുന്നേരം ആറ് മണിയോടെ പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി. അപ്പോഴേക്കും പുക ശക്തമായി. വാതിൽ തുറന്ന് പൊലീസ് സംഘം അകത്ത് കടന്നപ്പോഴാണ് യുവതിയുടെ ചലനമറ്റ ശരീരം കണ്ടെത്തിയത്

പൊലീസുകാർ ഉടൻ തന്നെ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ട‍ർമാർ അറിയിച്ചു. മൃതദേഹം പിന്നീട് ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം പരിശോധനയിൽ ശരീരത്തിൽ നാലിടത്ത് കുത്തേറ്റതായും കണ്ടെത്തി. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി.  യുവതി കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും ഇന്നലെ വീട്ടിൽ തനിച്ചായിരുന്നു.

വീട്ടിലെത്തിയ പരിചയക്കാരനായ ആരോ ഒരാളുമായി തർക്കമുണ്ടായിട്ടുണ്ടാവാമെന്നും അതിനൊടുവിൽ ആക്രമിക്കുകയും കുത്തിക്കൊല്ലുകയും ചെയ്തിട്ടുണ്ടാവാമെന്നുമാണ് പൊലീസിന്റെ നിഗമനം. തെളിവ് നശിപ്പിക്കാൻ മൃതദേഹത്തിന് തീയിടുകയും ചെയ്തു. ഒഴിഞ്ഞ മണ്ണെണ്ണ കുപ്പി സ്ഥലത്തു നിന്ന് കണ്ടെത്തി. പ്രദേശത്തെ സിസിടിവി  ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്

Related Articles

Back to top button