ജെൻസികളെ കയ്യിലെടുക്കാൻ ആർഎസ്എസ്

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി യുവജന പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ, പുതിയ തലമുറയുമായി നേരിട്ട് ആശയവിനിമയം നടത്താൻ ആർഎസ്എസ് ഒരുങ്ങുന്നു. ആഗസ്റ്റ് ആറിന് മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ജെൻസി, ജെൻ ആൽഫ വിഭാഗത്തിൽപ്പെട്ട കുട്ടികളുമായി സംവദിക്കും. ഇന്ത്യ ഇന്റർനാഷണൽ മൂവ്‌മെന്റ് ടു യുണൈറ്റ് നേഷൻസ് (ഐഐഎംയുഎൻ) സംഘടനയുടെ 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ നൂറിലധികം നഗരങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം ഹൈസ്കൂൾ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. 15നും 19നും ഇടയിൽ പ്രായമുള്ള സ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ് യുവജന സംഗമത്തിൽ ഒത്തുചേരുന്നത്.

അടുത്ത തലമുറയെ നയിക്കുക മാത്രമല്ല, അവരെ കേൾക്കുക കൂടിയാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമെന്ന് ഐഐഎംയുഎൻ സ്ഥാപകൻ റിഷഭ് ഷാ പറഞ്ഞു. ഇന്ത്യയുടെ ഈ സുപ്രധാന ഘട്ടത്തിൽ ഇത്തരമൊരു സംവാദം എന്നത്തേക്കാളും ആവശ്യമാണ്. തങ്ങളുടെ ക്ഷണം സ്വീകരിച്ച് പരിപാടിയിൽ സംസാരിക്കാനെത്തുന്ന മോഹൻ ഭാഗവതിനോട് നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.

Back to top button