ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിക്ക് ദിവസ വേതനം 105 രൂപ…സെല്ലിൽ നടക്കാനും വ്യായാമം ചെയ്യാനും അനുമതി…

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് ജയിലിലെ ദിവസക്കൂലി 105 രൂപയെന്ന് റിപ്പോർട്ട്. ശാരീരിക അധ്വാനം കൂടുതലുള്ള ജോലിക്ക് ദിവസം 105 രൂപ കൂലിയാവും സഞ്ജയ് റോയിക്ക് ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. കൊൽക്കത്തയിലെ പ്രസിഡൻസി സെൻട്രൽ ജയിലിലാണ് സഞ്ജയ് റോയി കഴിയുന്നത്. ജീവപര്യന്തം തടവ് ശിക്ഷയാണ് സെൽദയിലെ കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്. നിലവിൽ അനുവദിച്ച സെല്ലിനുള്ളിൽ നടക്കാനും വ്യായാമം ചെയ്യാനുമാണ് സഞ്ജയ് റോയിക്ക് അനുമതിയുള്ളത്. ഗാർഡുമാരുടെ നിരീക്ഷണത്തിലാണ് സെല്ലിന് പുറത്തിറങ്ങാനാവുക. 

വിചാരണ തടവുകാരൻ അല്ലാത്തതിനാൽ ഇനി ജയിലിലെ കാഠിന്യമേറിയ ജോലികൾ  സഞ്ജയ് റോയി ചെയ്യേണ്ടി വരുമെന്നാണ് റിപ്പോർട്ട്. മുൻ പ്രവർത്തി പരിചയം ഇല്ലാത്തതിനാൽ ശാരീകാധ്വാനമുള്ള ജോലികളാവും നൽകുക. ഇതിന് ദിവസം 105 രൂപ കൂലിയും നൽകുമെന്നാണ് ജയിൽ അധികൃതർ വിശദമാക്കുന്നത്. തോട്ടം പരിപാലിക്കാനടക്കമുള്ള ജോലികൾ പ്രതിക്ക് നൽകും. തുടക്കത്തിൽ അപ്രൻറിസ് ആയാവും ജോലി. ഇനിയുള്ള കാലം ഈ ജയിലിലാവും ഇയാൾ കഴിയുക. നിലവിൽ അവിദഗ്ധ തൊഴിലാളികൾക്ക് ദിവസം 105 രൂപയും അർധ വിദഗ്ധ തൊഴിലാളികൾക്ക് 120 രൂപയും വിദഗ്ധ തൊഴിലാളികൾക്ക് 135 രൂപയുമാണ് വേതനമായി നൽകുന്നത്. 

വസ്ത്ര നിർമ്മാണം, ഫർണിച്ചർ നിർമ്മാണം, അലുമിനിയം പാത്ര നിർമ്മാണം എന്നിവ അടക്കമുള്ളവയാണ് ജയിലിൽ കഠിനമേറിയ ജോലികളായി നിരീക്ഷിക്കുന്നത്.  അതേസമയം കേസിൽ പ്രതിക്ക് വധ ശിക്ഷ വേണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ കൊൽക്കത്ത് ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞാണ് പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലില്‍ തുടരണമെന്നും വിധി വ്യക്തമാക്കിയിട്ടുണ്ട്. 

Related Articles

Back to top button