പമ്പയിൽ തുണി ഊരി ഉപേക്ഷിക്കുന്നത് ആചാരമല്ല, ദുരാചാരം…

ശബരിമലയിൽ തുണി ഊരി പമ്പയിൽ ഉപേക്ഷിക്കുന്നത് ആചാരമല്ല, ദുരാചാരമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ശബരിമലയെ പുണ്യമലയായി സംരക്ഷിക്കാൻ എല്ലാ തീർത്ഥാടകർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന് മുന്നിൽ കർപ്പൂരം കത്തിക്കുന്നതും പ്ലാസ്റ്റിക് കവറുകളിലുള്ള ഷാംപൂ ഉൾപ്പെടെയുള്ളവ കൊണ്ടുവരുന്നതും കർശനമായി ഒഴിവാക്കണമെന്നും ദേവസ്വം ബോർഡ് നിർദേശിച്ചു.

തീർത്ഥാടകർ ഉന്നയിക്കുന്ന പരാതികൾ തീർത്ഥാടനകാലം അവസാനിക്കുന്നതുവരെ കാത്തിരിക്കാതെ അപ്പപ്പോൾ തന്നെ പരിഹരിക്കാൻ കഴിയുന്ന സംവിധാനമാണ് വേണ്ടതെന്നും കെ. ജയകുമാർ പറഞ്ഞു. ഇതിനായി ദേവസ്വം ബോർഡും ഭക്തരും തമ്മിൽ ‘ടു-വേ കമ്മ്യൂണിക്കേഷൻ’ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് ശബരിമലയിലെ ആചാരങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നതിനും നടപടി സ്വീകരിക്കും. ഇതിനായി ‘ശബരിമല സന്ദേശ്’ എന്ന മാസിക അഞ്ച് ഭാഷകളിൽ പ്രസിദ്ധീകരിക്കും. മലയാളം, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലായിരിക്കും മാസിക പുറത്തിറക്കുക. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി നവംബർ 15ന് മുമ്പ് ആദ്യപതിപ്പ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.

കേരളത്തിന് പുറത്തുനിന്നാണ് ശബരിമലയിലേക്ക് കൂടുതൽ തീർത്ഥാടകർ എത്തുന്നതെന്നും ഓരോ ക്ഷേത്രത്തിനും വ്യത്യസ്ത ആചാരങ്ങളുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ശബരിമലയിലെ ആചാരങ്ങളും പ്രധാന നിയന്ത്രണങ്ങളും ഭക്തർക്ക് പരിചയപ്പെടുത്തുകയാണ് ‘ശബരിമല സന്ദേശി’ന്റെ ലക്ഷ്യം.

Related Articles

Back to top button