അതിഥികളുമായി അങ്കിതയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു..എതിർത്തപ്പോൾ..
റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന 19 കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസിൽ കോടതി വിധിക്കെതിരെ യുവതിയുടെ മാതാപിതാക്കൾ. കീഴ്‌ക്കോടതിയുടെ വിധിയിൽ തൃപ്തയല്ല. പ്രതികൾക്ക് വധശിക്ഷ ലഭിക്കണമെന്നും, അതിനായി പോരാട്ടം തുടരുമെന്ന് അങ്കിതയുടെ മാതാപിതാക്കൾ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ റിസോർട്ട് ഉടമയും രണ്ടു ജീവനക്കാരും ഉൾപ്പെടെ മൂന്നു പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. വെള്ളിയാഴ്ച കോട്‌വാറിലെ അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ യാങ്കേശ്വറിൽ സ്ഥിതി ചെയ്യുന്ന വനന്ത്ര റിസോർട്ട് ഉടമ പുൾകിത് ആര്യ, മാനേജർ സൗരഭ് ഭാസ്കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കോടതി വിധിയിൽ മകളുടെ ആത്മാവിന് അൽപം ശാന്തി ലഭിച്ചിട്ടുണ്ടാകും, പക്ഷേ വിധിയിൽ തൃപ്തരല്ല. കൊലയാളികൾക്ക് വധശിക്ഷ ലഭിക്കുന്നതിന് പോരാടും, മറ്റാരുടെയെങ്കിലും മക്കലോട് ചെയ്യുന്നതിന് ആളുകൾ ആയിരം തവണ ചിന്തിക്കണം, അതിന് വധശിക്ഷ തന്നെ പ്രതികൾക്ക് കൊടുക്കണം- അങ്കിതയുടെ അമ്മ സോണി ദേവി പറഞ്ഞു.
2022ലാണ് ക്രൂരമായ കൊലപാതകം നടക്കുന്നത്. സെപ്റ്റംബർ 18ന് ജോലി സ്ഥലത്ത് നിന്നും അങ്കിതയെ കാണാതാവുകയായിരുന്നു. സുഹൃത്തായ പുഷ്പ് ആണ് അങ്കിതയെ കാണാതായ വിവരം ആദ്യം പുറത്തറിയിക്കുന്നത്. ഇതിനിടെ ഹോട്ടൽ അധികൃതരും അങ്കിതയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 19 കാരിയുടെ മൃതദേഹം ഋഷികേശിന് സമീപം ചീല കനാലിൽനിന്ന് കണ്ടെടുത്തത്. വനന്ത്ര റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു അങ്കിത. 2022 ഓഗസ്റ്റിലാണ് അങ്കിത ഇവിടെ ജോലിക്കു കയറിയത്. ഒരു മാസം പൂർത്തിയായി ദിവസങ്ങൾ കഴിയുമ്പോഴാണ് കൊലപാതകം നടക്കുന്നത്.
അങ്കിതയുടെ മരണം കൊലപാതകമാണെന്ന് പ്രാഥമിക നിഗമനം ഉണ്ടായിട്ടും പൊലീസ് തുടക്കത്തിൽ മെല്ലപ്പോക്ക് നയമാണ് സ്വീകരിച്ചത്. കൊലപാതകം നടന്ന് മൂന്ന് ദിവസമായിട്ടും പൊലീസ് അന്വേഷണം ആരംഭിച്ചില്ല. ഒടുവിൽ അങ്കിതയുടെ മാതാപിതാക്കളുടെയും നാട്ടുകാരുടെ കനത്ത പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ആ അന്വേഷണം ചെന്നെത്തി നിന്നത് റിസോർട്ട് ഉടയടക്കമുള്ളവരിലേക്കാണ്. ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു റിസോർട്ട്. റിസോർട്ടിലെത്തുന്ന അതിഥികൾക്കൊപ്പം ലൈംഗിക ബന്ധത്തിനടക്കം ചില പ്രത്യേക സേവനങ്ങൾ ചെയ്യാൻ റിസോർട്ട് മാനേജ്മെന്റ് നിർബന്ധിച്ചെന്നും ഇതിന് എതിർപ്പറിയിച്ചതോടെയുണ്ടായ വഴക്കിനൊടുവിലാണ് കൊലപാതകമെന്നും പൊലീസ് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.
മാനേജ്മെന്‍റിന്‍റെ ആവശ്യം എതിർത്തതോടെ എതിർത്തതോടെ പ്രതികൾ അങ്കിതയുമായി വഴക്കിട്ടു. പിന്നാലെ ഒരു വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയും ബലപ്രയോഗത്തിന് ശേഷം ചീല കനാലിൽ തള്ളിയിട്ട ശേഷം ഇവർ ഇവിടെ നിന്നും സ്ഥലം വിട്ടു. റിസോർട്ടിൽ മടങ്ങിയെത്തിയ ശേഷം പ്രതികൾ അങ്കിതയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ സുഹൃത്തായ പുഷ്പ് 18ന് രാത്രി അങ്കിത തന്നെ വിളിച്ചിരുന്നെന്നും അതിഥികൾക്ക് വഴങ്ങിക്കൊടുക്കുന്നതടക്കം ചില ‘പ്രത്യേക സേവനങ്ങൾ’ ചെയ്യാൻ റിസോർട്ട് മാനേജ്മെന്റ് നിർബന്ധിക്കുന്നുവെന്ന് പറഞ്ഞതായി വെളിപ്പെടുത്തി. രാത്രി എട്ട് മണിയോടെ അങ്കിതയുടെ ഫോൺ ഓഫ് ആയി. റിസോർട്ട് ഉടമയായ പുൾകിത് ആര്യയെ വിളിച്ച് അന്വേഷിച്ചപ്പോൾ അങ്കിത റൂമിലേക്ക് പോയെന്നാണ് പറഞ്ഞതെന്നും പുഷ്പ് വെളിപ്പെടുത്തി.
പിറ്റേ ദിവസം രാവിലെ അങ്കിതയെ വിളിക്കാൻ ശ്രമിച്ചപ്പോഴും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് റിസോർട്ട് മാനേജരോട് അന്വേഷിച്ചപ്പോൾ അങ്കിത ജിമ്മിൽ പോയെന്നായിരുന്നു മറുപടി. ഇതോടെ സംശയം തോന്നിയ പുഷ്പ് അങ്കിതയുടെ വീട്ടുകാരെ വിവവരം അറിയിച്ചു. ഇവർ മകളെ കാണാനില്ലെന്ന് വ്യക്തമാക്കി പൊലീസിൽ പരാതി നൽകി. തുടക്കത്തിൽ അനങ്ങാപ്പാറ നയം സ്വീകരിച്ച പൊലീസ് പുഷ്പിന്‍റെ വെളിപ്പെടുത്തിലിന് പിന്നാലെയാണ് കേസെടുക്കുന്നതും പിന്നാലെ പ്രതികളെ പിടികൂടുന്നതും. പുഷ്പിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും റിസോർട്ടിലേയും പരിസരത്തേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ പ്രതികൾ കുടുങ്ങുകയായിരുന്നു. അങ്കിത വിവരങ്ങൾ പുറത്ത് പറയുമെന്ന് ഭയന്നാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.