‘ഒരു കയ്യിൽ സ്റ്റിയറിങ്, ഒരു കയ്യിൽ മൊബൈൽ’…. കെഎസ്ആർടിസി ഡ്രൈവറുടെ സാഹസിക ഡ്രൈവിംഗ്….
വയനാട്ടില്‍ മൊബൈൽ ഫോണിൽ സംസാരിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ സാഹസിക യാത്ര. ബത്തേരി-മാനന്തവാടി റൂട്ടിലെ ഡ്രൈവര്‍ എച്ച് സിയാദാണ് ഫോണില്‍ സംസാരിച്ചുകൊണ്ട് ഏറെനേരം ബസോടിച്ചത്. ഒരു കയ്യില്‍ മൊബൈലും മറുകയ്യില്‍ സ്റ്റിയറിങ്ങും പിടിച്ച് സിയാദ് അശ്രദ്ധയോടെ ബസ് ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബസിലെ ഒരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ഡ്രൈവർ ബസ് ഓടിച്ചത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന കര്‍ശന നിയമം നിലനില്‍ക്കുമ്പോഴാണ് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയോടുള്ള വാഹനമോടിക്കൽ. മലയോരമേഖലയിലെ വാഹനയാത്ര ഏറെ അപകടം നിറഞ്ഞതാണ് എന്നിരിക്കെയാണ് യാത്രക്കാരുടെ ജീവൻ വെച്ചുള്ള വണ്ടിയോടിക്കൽ. അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർക്കെതിരെ നടപടിവേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.