ഇടക്കാല ജാമ്യം കിട്ടിയിട്ടും അല്ലു അര്‍ജുൻ ജയിലിൽ…അറസ്റ്റിൽ പുകഞ്ഞ് തെലങ്കാന രാഷ്ട്രീയം…

പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിൽ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചിട്ടും അല്ലു അർജുൻ ജയിലിൽ തുടരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്‍റെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തതിനെ തുടർന്ന് നടനെ, ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റി.

ഇന്ന് പകർപ്പ് ലഭിക്കുന്നതോടെ അല്ലുവിന് പുറത്തിറങ്ങാനാകും. ഇന്നലെ രാവിലെ അറസ്റ്റിലായ താരത്തെ, ഹൈദരാബാദിലെ നാന്പള്ളി മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. വൈകീട്ടോടെ പുറത്തിറങ്ങാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഉത്തരവ് വൈകിയത് തിരിച്ചടിയായി.

അല്ലു അര്‍ജുന്‍റെ അറസ്റ്റിൽ കടുത്ത പ്രതിഷേധവുമായി ആരാധക കൂട്ടായ്മ രംഗത്തെത്തി. തെലങ്കാനയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. അല്ലു അര്‍ജുന്‍റെ അറസ്റ്റിൽ പുകയുകയാണ് തെലങ്കാന രാഷ്ട്രീയവും തെലുങ്ക് സിനിമാ ലോകവും. സര്‍ക്കാര്‍ നടപടിക്കെതിരെ ബിആര്‍എസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെലുങ്ക് സിനിമ മേഖലയിലുള്ളവരും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. 

അതേസമയം, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് തെലങ്കാന  മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. അല്ലു അർജുന്‍റെ മനുഷ്യാവകാശത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു. മരിച്ച സ്ത്രീക്ക് മനുഷ്യാവകാശങ്ങൾ ഉണ്ടായിരുന്നില്ലേയെന്നും രേവന്ത് റെഡ്ഡി ചോദിച്ചു. അവരുടെ മകൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്. അതേക്കുറിച്ച് ആരും സംസാരിക്കാത്തത് എന്താണെന്നും രേവന്ത് റെഡ്ഡി ചോദിച്ചു.

Related Articles

Back to top button