പുന്നമടയുടെ ഓളപ്പരപ്പില്‍ ആഘോഷാരവം; ആരാകും ഈ വര്‍ഷത്തെ ജലരാജാവ്, 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട ഒരുങ്ങികഴിഞ്ഞിരിക്കുകയാണ്. കായലില്‍ ട്രാക്കുകൾ വേര്‍തിരിക്കുന്നതുൾപ്പെടെയുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. 21 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ ആകെ 71 വള്ളങ്ങളാണ് ഇത്തവണ ജലമേളയില്‍ മാറ്റുരയ്‌ക്കുന്നത്. രാവിലെ 11 മണിക്കാണ് വള്ളം കളി ആരംഭിക്കുക. രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാവെ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍, കൂടാതെ മന്ത്രിമാരും ജനപ്രതിനിധികളും അടക്കം നിരവധി പ്രമുഖര്‍ മത്സരം കാണാന്‍ പുന്നമടയില്‍ എത്തും. ഓളപ്പരപ്പിലെ വേഗരാജാവ് ആരെന്നറിയാനുള്ള ആകാംഷയിലാണ് വള്ളംകളി പ്രേമികള്‍.

ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം നടക്കുക. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ 4 മണിക്ക് നടക്കും. ഫീറ്റ്‌സില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണു ഫൈനലില്‍ ഏറ്റുമുട്ടുക. ഒന്നിലേറെ വള്ളങ്ങള്‍ ഒരേസമയത്തു ഫിനിഷ് ചെയ്താല്‍ സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു നിശ്ചിത കാലയളവ് ട്രോഫി കൈവശം വയ്ക്കാന്‍ അനുവദിക്കും. ചുണ്ടന്‍ വള്ളങ്ങള്‍ ആദ്യ തുഴയെറിയാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. അവസാനവട്ട ഒരുക്കത്തിലാണ് ആലപ്പുഴ. ആരാകും ഈ വര്‍ഷത്തെ ജലരാജാവ് എന്നതില്‍ ആരാധകര്‍ക്കിടയിലും ആവേശ പോരാണ് നടക്കുന്നത്. നെഹ്‌റു ട്രോഫിയില്‍ മുത്തമിടാന്‍ പുതിയ അവകാശികള്‍ ഉണ്ടാവുമോ എന്നതിലും ആകാംക്ഷ ഉയരുകയാണ്.

പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും, കാരിച്ചാലും ആണ് കഴിഞ്ഞതവണ നെഹ്‌റു ട്രോഫി കിരീടം ഉയര്‍ത്തിയത്. മൂന്നു ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിച്ചതാണ് കണക്ക് കൂട്ടല്‍. പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശത്തിരയിളക്കത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്.

ഇത്തവണയും മത്സരങ്ങള്‍ക്ക് ഒരു മാറ്റവും ഉണ്ടാവില്ല. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ആരാണ് ഫൈനലില്‍ എത്തുക എന്നുള്ളതാണ് വള്ളംകളി പ്രേമികള്‍ ഉറ്റു നോക്കുന്നത്. മേപ്പാടം വലിയ ദിവാന്‍ജി, കാരിച്ചാല്‍ നടുഭാഗം, ജവഹര്‍ തയങ്കരി, ചെറുതന ചമ്പക്കുളം തലവടി തുടങ്ങി കേരളത്തിലെ അറിയപ്പെടുന്ന എല്ലാ ചുണ്ടന്‍ വള്ളങ്ങളും ഇത്തവണ കപ്പടിക്കാന്‍ ഒരുങ്ങിയാണ് കുട്ടനാട്ടിലെ പുന്നമടക്കായല്‍ എത്തുന്നത്.

മുന്‍ വർഷത്തെ അപേക്ഷിച്ച് കൂടുതല്‍ ആളുകള്‍ വള്ളംകളി കാണാന്‍ എത്തും. നാലുലക്ഷത്തോളം കാണികള്‍ ഉണ്ടാകും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. കഴിഞ്ഞ 40 ദിവസത്തിലധികമായി നടന്ന പരിശീലനത്തിനുശേഷമാണ് ഇന്ന് മത്സരത്തിനായി തുഴച്ചിൽകാർ ഇറങ്ങാൻ പോകുന്നത്.

ഇന്ന് രാവിലെ എട്ടുമണിമുതല്‍ നഗരത്തില്‍ വാഹനഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ ആറുമണിമുതല്‍ നഗരത്തിലെ ഒരു റോഡിലും പാര്‍ക്കിങ് അനുവദിക്കില്ല. അനധികൃതമായി പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.

നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചിരുന്നു.തുടര്‍ന്ന് മാവേലിക്കര താലൂക്കിലും അവധി പ്രഖ്യാപിക്കുകയായിരുന്നു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.

Related Articles

Back to top button