സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിനെതിരെ പ്രതിഷേധം….ഓരോ തുളളി വെള്ളത്തിലും അവകാശമുണ്ടെന്ന് പാകിസ്ഥാൻ…
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കനത്ത തിരിച്ചടി നൽകി, സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ച ഇന്ത്യൻ നടപടിക്കെതിരെ പ്രതിഷേധം തുടർന്ന് പാകിസ്ഥാൻ. ഓരോ തുളളി വെള്ളത്തിലും പാകിസ്ഥാനും അവകാശമുണ്ടെന്നും കരാർ ഏകപക്ഷീയമായി പിൻവലിക്കാനാവില്ലെന്നും പാക് മന്ത്രി അഹമ്മദ് ഖാൻ ലഘാരി പ്രതികരിച്ചു. ഇന്ത്യയുടെ വിശ്വാസ്യത ലോക രാഷ്ട്രങ്ങൾക്കിടയിൽ തകർന്നു കഴിഞ്ഞെന്നും ലഘാരി പറയുന്നു.
പാകിസ്ഥാന്‍റെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദമാണ് കരാറിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.പാകിസ്ഥാൻ നടത്തിയ മറ്റ് ലംഘനങ്ങൾക്ക് പുറമെ, കരാറിൽ വിഭാവനം ചെയ്തിട്ടുള്ളതുപോലെ ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയോട് പ്രതികരിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുകയും കരാര്‍ ലംഘിക്കുകയും ചെയ്തുവെന്ന് ജലശക്തി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലുണ്ട്.