ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്…ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ഇത്തവണ പൊങ്കാല ഇടാന്‍ അനുവദിക്കില്ല

ഇത്തവണ ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ഭക്തർക്ക് പൊങ്കാലയിടാൻ അനുവാദമില്ലെന്ന് അറിയിച്ചുകൊണ്ട് ക്ഷേത്രം ഭരണസമിതി രംഗത്ത്. ക്ഷേത്ര പരിസരത്ത് പുതുതായി പതിപ്പിച്ചിട്ടുള്ള കല്ലുകള്‍ക്ക് മുകളില്‍ അടുപ്പ് കൂട്ടി പൊങ്കാലയിടുമ്പോള്‍ കല്ലുകളില്‍ കരിപിടിച്ച് ശോഭ നഷ്ടപ്പെടുന്നതിനും തീ ചൂടേറ്റ് പൊട്ടി നാശം സംഭവിക്കുന്നതിനും കാരണമാകും. ഇക്കാരണം കൊണ്ടാണ് ക്ഷേത്ര പരിസരത്ത് ഇത്തവണ പൊങ്കാല ഇടാന്‍ അനുവദിക്കില്ലെന്ന് ഭരണ സമിതി അറിയിച്ചിരിക്കുന്നത്.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സ്വദേശ് ദര്‍ശന്‍ പദ്ധതില്‍ ഉൾപ്പെടുത്തി ക്ഷേത്രത്തിന്‍റെ എല്ലാ നടകളിലേയും റോഡ് ഗ്രൈനൈറ്റ് പതിച്ച് മോടിപിടിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത ശൈലിയില്‍ പതിച്ചിട്ടുള്ള ഏറെ വിലകൂടിയ ഗ്രാനൈറ്റുകള്‍ ആണ് എല്ലാ നടകളിലേയും റോഡിൽ പതിപ്പിച്ചിരിക്കുന്നത്. വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്തില്ലെങ്കിൽ ഇവ നശിച്ചുപോകാൻ ഇടയുണ്ട്. പുതുതായി പതിപ്പിച്ചിട്ടുള്ള കല്ലുകള്‍ക്ക് മുകളില്‍ അടുപ്പ് കൂട്ടി പൊങ്കാലയിടുമ്പോള്‍ കല്ലുകളില്‍ കരിപിടിച്ച് അവയുടെ ഭംഗി നഷ്ടപ്പെടുകയും തീ ചൂടേറ്റ് ഗ്രാനൈറ്റുകള്‍ പൊട്ടിപ്പോകാനിടയാവുകയും ചെയ്യും. മാത്രമല്ല പൊങ്കാല അടുപ്പുകൾ കൂട്ടിയാൽ ക്ഷേത്ര പരിസരത്ത് പുതുതായി സ്ഥാപിച്ചിട്ടുള്ള ഭൂഗര്‍ഭകേബിളുകള്‍ക്ക് ചൂടേറ്റ് നാശം സംഭവിക്കുന്നതിനും, സുരക്ഷ ഉപകരണങ്ങള്‍ ഉള്‍പെടെ പ്രവര്‍ത്തനരഹിതമാകുന്നിതും തീപിടുത്തത്തിനും ഇടയാക്കിയേക്കാം. ഈ പ്രശ്‍നങ്ങളെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി കല്ല് പതിച്ച് നടത്തിയിട്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുകളില്‍ പൊങ്കാലയിടാന്‍ പാടുള്ളതല്ലെന്നാണ് എക്‌സീക്യൂട്ടിവ് ഓഫീസർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.



