ആ നീല ട്രോളി ബാഗിനായി തിരച്ചിൽ..ഹോട്ടലില്‍ വീണ്ടും പൊലീസ് റെയ്ഡ്..ഹാര്‍ഡ് ഡിസ്‌ക് അടക്കം പിടിച്ചെടുത്തു…
പാലക്കാട് കെപിഎം ഹോട്ടലില്‍ വീണ്ടും പൊലീസ് റെയ്ഡ്. സിഐ ആദം ഖാന്റെ നേതൃത്തില്‍ പൊലീസ് സംഘം ഹോട്ടല്‍ സിഇഒ പ്രസാദ് നായരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഹാര്‍ഡ് ഡിസ്‌ക് അടക്കം അന്വേഷണ സംഘം പിടിച്ചെടുത്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പരിശോധന നടക്കുന്നത്.
ഇന്നലെ രാത്രി കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടല്‍ മുറികളിലാണ് പൊലീസ് പരിശോധന നടത്തിയത്. അനധികൃത പണം കൈവശംവെച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. കോണ്‍ഗ്രസ് വനിതാ നേതാവായ ബിന്ദു കൃഷ്ണയുടെ മുറിയിലും പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയിലും പൊലീസ് പരിശോധനയ്‌ക്കെത്തി. ഹോട്ടലിലെ മൂന്ന് നിലകളിലെ വിവിധ മുറികളില്‍ പൊലീസ് കയറി പരിശോധിച്ചു. എന്നാല്‍ വനിതാ പൊലീസ് ഇല്ലാതെയാണ് പൊലീസ് നേതാക്കളുടെ മുറിയില്‍ പരിശോധണ നടത്തിയതെന്നടക്കം കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.ഈ ആരോപണങ്ങള്‍ അടക്കം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നതിലൂടെ വ്യക്തമാകും. 22 സിസിടിവികള്‍ ഹോട്ടലില്‍ ഉണ്ടെന്നാണ് വിവരം.ആരോപണം ഉന്നയിക്കുന്നതു പോലെ നീല ട്രോളി ബാഗില്‍ പണം കടത്തിയിട്ടുണ്ടോ അങ്ങനെ ഒരു ബാഗ് ഉണ്ടോ എന്ന കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.