ഇടവേളക്ക് ശേഷം വീണ്ടും ഭാരത് അരി… ഇത്തവണ വില എത്രെയെന്നോ…
ഇടവേളക്ക് ശേഷം ഭാരത് അരി വീണ്ടും വിപണിയിലെത്തുന്നു. ആട്ടയും അരിയും ഉൾപ്പെടെ സബ്സിഡി നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ഭാരത് ബ്രാൻഡ് റീട്ടെയിൽ പ്രോഗ്രാമിൻ്റെ രണ്ടാം ഘട്ടമാണ് ആരംഭിച്ചത്. ഭക്ഷ്യ, പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി, എൻസിസിഎഫ്, നാഫെഡ്, കേന്ദ്രീയ ഭണ്ഡാർ എന്നീ ഏജൻസികളുടെ മൊബൈൽ വാനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടാം ഘട്ടത്തിൽ, ഭാരത് ആട്ടയുടെ വില കിലോക്ക് 30 രൂപയായി ഉയർന്നു.
ആട്ടക്ക് രണ്ടര രൂപയാണ് വർധിച്ചത്. ഭാരത് അരിക്കും അഞ്ച് രൂപ വർധിച്ച് കിലോയ്ക്ക് 34 രൂപയായി. പുതിയ ഘട്ടത്തിൽ ചില്ലറ വിതരണത്തിനായി 3.69 ലക്ഷം ടൺ ഗോതമ്പും 2.91 ലക്ഷം മെട്രിക് ടൺ (എൽഎംടി) അരിയും അനുവദിച്ചു. ആദ്യ ഘട്ടത്തിൽ 15.20 എൽഎംടി ആട്ടയും 14.58 എൽഎംടി ഭാരത് അരിയുമാണ് വിതരണം ചെയ്തത്. കേന്ദ്രീയ ഭണ്ഡാർ, നാഫെഡ്, എൻസിസിഎഫ് എന്നിവയുടെ സ്റ്റോറുകളിൽ നിന്നും മൊബൈൽ വാനുകളിൽ നിന്നും ഉപഭോക്താക്കൾക്ക് 5 കിലോ, 10 കിലോ ബാഗുകളിൽ ഭാരത് ആട്ടയും അരിയും വാങ്ങാം.